![This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്തനെന്ന് കോടതി. ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാല്‍സംഗക്കേസിലെ വിധി ഇന്ന് രാവിലെ 11 മണിയോടെ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് പുറപ്പെടുവിച്ചത്. ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
കോടതിക്കു സമീപം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ബാരിക്കേഡുകള്‍ ഉയര്‍ത്തി. ബോംബ്, ഡോഗ് സ്ക്വാഡുകള്‍ കോടതിയിലെത്തി പരിശോധന നടത്തി.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് ബിഷപ് ഫ്രാങ്കോക്ക് എതിരെ കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2018 ജൂണില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റി. ഒന്നര വര്‍ഷം കൊണ്ടാണു വിചാരണ പൂര്‍ത്തിയാക്കിയത്.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. വൈക്കം മുന്‍ ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ കേസില്‍ 2018 സെപ്തംബര്‍ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ ദിവസങ്ങളില്‍ തൃശൂരിലെ കുടുംബവീട്ടില്‍ തങ്ങിയാണ് ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ ഹാജരായത്. നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മാധ്യമങ്ങള്‍ക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു. സഭയില്‍നിന്നും വിശ്വാസികളില്‍നിന്നും കേസില്‍ പിന്തുണ ഉറപ്പുവരുത്തുന്നതിലും ഫ്രാങ്കോ വിജയിച്ചു. ഒരു ഘട്ടത്തില്‍ കന്യാ സ്ത്രീകള്‍ തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥ വരെ സംഭവിച്ചു.
പീഡനം, തടഞ്ഞുവക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തില്‍ അഞ്ചു ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, ഏഴു മജിസ്ട്രേട്ടുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുര്‍ ബിഷപ് ഡോ. കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍, പാലാ രൂപത വികാരി ജനറല്‍ ഫാ. ജോസഫ് തടത്തില്‍ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി.
പ്രതിഭാഗത്തുനിന്ന് ആറ് സാക്ഷികളെ വിസ്തരിച്ചു. ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്റെ ചുമതലകളില്‍നിന്നു സഭാ അധികൃതര്‍ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. കോടതിയില്‍ അടക്കം വൈദിക വേഷത്തിലാണ് ഇദ്ദേഹം എത്തിയത്. കൂടെ മറ്റ് വൈദികരും ഇദ്ദേഹത്തെ അനുഗമിച്ച് എത്തിയിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരെ കോടതി പരിസരത്ത് കയറാന്‍ അനുവദിച്ചില്ല. കലക്‌ട്രേറ്റില്‍ ജോലിക്ക് എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. സുരക്ഷക്കു വേണ്ടി നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. 105 ദിവസം നീണ്ടുനിന്ന രഹസ്യ വിചാരണക്കൊടുവിലാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. വിചാരണയില്‍ 39 സാക്ഷികളെ വിസ്തരിച്ചു.
83 സാക്ഷികള്‍ ഉണ്ടാരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രോസിക്യൂഷന്‍ പലരേയും വിസ്തരിച്ചില്ല. 2018 ജൂണ്‍ 27നാണ് ബിഷപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്തംബര്‍ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിന്‍റെ കയ്യില്‍ വിലങ്ങുവീഴുകയും ചെയ്തു.
മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പിന്‍വാതില്‍ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ എത്തിയത്. കന്യാസ്ത്രീകള്‍ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.