Home Featured ഹിജാബ് നിരോധം: കേസിന്റെ നാള്‍വഴികള്‍ വിശദമായി വായിക്കാം

ഹിജാബ് നിരോധം: കേസിന്റെ നാള്‍വഴികള്‍ വിശദമായി വായിക്കാം

ബെംഗളുരു| ഹിജാബ് നിരോധം ശരിവെച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ വിധിക്ക് കാരണമായ സംഭവങ്ങള്‍ക്ക് തുടക്കമായത്. കേസിന്റെ നാള്‍ വഴികള്‍ ഇങ്ങനെയാണ്

2021 ഡിസംബര്‍ 27: ഉഡുപ്പി സര്‍ക്കാര്‍ പിയു കോളജില്‍ ഹിജാബ് ധരിച്ച്‌ ക്ലാസില്‍ കയറാന്‍ ശ്രമിച്ച ആറ് വിദ്യാര്‍ഥിനികളെ തടയുന്നു. തുടര്‍ന്ന് ക്ലാസില്‍ കയറാനാകാതെ വിദ്യാര്‍ഥിനികള്‍ മടങ്ങുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഹിജാബ് ധരിച്ച്‌ ആറ് വിദ്യാര്‍ഥിനികള്‍ എത്തുന്നു, പ്രധാനാധ്യാപകന്‍ തന്നെ എത്തി തടയുന്നു. ഹിജാബ് അഴിച്ചുമാറ്റിയ ശേഷം ക്ലാസില്‍ പ്രവേശിപ്പിക്കും എന്ന് അറിയിച്ചെങ്കിലും വിദ്യാര്‍ഥിനികള്‍ ക്ലാസ് ബഹിഷ്‌കരിക്കുന്നു.

2022 ജനുവരി 1: ഉഡുപ്പി പിയു കോളേജിന് മുന്നില്‍ ആറ് വിദ്യാര്‍ഥിനികള്‍ക്ക് പിന്തുണയുമായി രക്ഷിതാക്കള്‍ അടക്കം എത്തുന്നു. പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഹിജാബിന്റെ പേരില്‍ ക്ലാസും പരീക്ഷയും നഷ്ടമാകുന്നുവെന്ന് വിദ്യാര്‍ഥിനികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു.

ജനുവരി 3: ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ച്‌ ക്ലാസില്‍ കയറാന്‍ ശ്രമിച്ചവരെ അധ്യാപകര്‍ തടയുന്നു. വിദ്യാര്‍ഥിനികള്‍ പ്രതിഷേധിക്കുന്നു .ഉച്ചയോടെ കാവി ഷാള്‍ ധരിച്ച്‌ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ എത്തുന്നു. ഹിജാബ് അനുവദിച്ചാല്‍ കാവി ഷാളും അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. അധ്യാപകര്‍ തടയുന്നു.

ജനുവരി 6: മംഗ്ലൂരു സര്‍ക്കാര്‍ കോളേജ്, മാണ്ഡ്യ സര്‍ക്കാര്‍ കോളേജ് എന്നിവടങ്ങളിലും സമാന പ്രതിഷേധം. മറ്റ് കോളേജുകളിലേക്ക് പ്രതിഷേധം പടരുന്നു. വിദ്യാര്‍ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നു. വിവിധയിടങ്ങളില്‍ പൊലീസ് ലാത്തി വിശുന്നു

ജനുവരി 14: ഹിജാബ് വിഷയം പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുന്നു.

ജനുവരി 27: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് പ്രത്യേക സമിതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്യുന്നു.

ജനുവരി 31: ഹിജാബ് ധരിച്ച്‌ ക്ലാസില്‍ പ്രവേശിപ്പിക്കാത്തതിന് എതിരെ ഉഡുപ്പിയിലെ ആറ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഭരണഘടന ഉറപ്പ് നല്‍കുന്ന 14, 19 , 25 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടുന്നു.

ഫെബ്രുവരി 5: 1983 വിദ്യാഭാസ ആക്ടിലെ 133ആം വകുപ്പ് പ്രകാരം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാതാചാര വസ്ത്രങ്ങള്‍ നിരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കുന്നു.

ഫെബ്രുവരി 6: പ്രതിഷേധം സംഘര്‍ഷങ്ങളിലേക്ക് വഴിമാറുന്നു. പ്രതിഷേധം തെരുവകളിലേക്ക് വ്യാപിക്കുന്നു. വിവിധയിടങ്ങളില്‍ പ്രതിഷേധം. ലാത്തിചാര്‍ജ

ഫെബ്രുവരി 8: ഹിജാബ് കേസില്‍ ഹൈക്കോടതി വാദം കേട്ട് തുടങ്ങുന്നു.

ഫെബ്രുവരി 9: ഭരണഘടനാ വിഷയങ്ങള്‍ കണക്കിലെടുത്ത് കേസ്ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് കൈമാറുന്നു.

ഫെബ്രുവരി 10: വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നു.

ഫെബ്രുവരി 15: അന്തിമ ഉത്തരവ് വരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപകരെ അടക്കം സ്‌കൂളുകള്‍ക്ക് മുന്നില്‍ തടയുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി.

ഫെബ്രുവരി 21: വാദം പതിനൊന്ന് ദിവസം നീണ്ടു. കേസ് വിധി പറയാനായി മാറ്റുന്നു. കേസില്‍ കക്ഷി ചേര്‍ന്നവരോട് വാദങ്ങള്‍ എഴുതിനല്‍കാന്‍ ആവശ്യപ്പെടുന്നു.

മാര്‍ച്ച്‌ 15: ഹിജാബ് നിരോധം ശരിവെച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കണമെന്ന ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധി ദൂരവ്യാപക ഫലം ഉളവാക്കുന്നതാണെന്നു വിലയിരുത്തല്‍. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ച്‌ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതുമായി ബന്ധപ്പെട്ട് നാല് മാസത്തോളമായി കര്‍ണ്ണാടകയില്‍ നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്.

ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈകോടതി വിശാല ബെഞ്ചാണ് വാദം കേട്ടത്. 11 ദിവസത്തെ വാദ പ്രതിവാദങ്ങള്‍ക്കുശേഷം ഫെബ്രുവരി 25നാണ് അന്തിമ വിധി പറയാനായി കേസ് ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലികാവകാശ ലംഘനമല്ല, അങ്ങിനെ കണക്കാക്കാന്‍ ആകില്ല. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്നും കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

ഉഡുപ്പിയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ തുടങ്ങിയ എതിര്‍പ്പാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയത്. ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹിജാബ് അനുവദിക്കാത്തിന്റെ പേരില്‍ 250 ഓളം വിദ്യാര്‍ത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്‌കരിച്ചു. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.

ശിരോവസ്ത്രം ഇസ്ലാമില്‍ അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ പ്രധാന വാദം. ഇസ്‌ലാം മതവിശ്വാസ പ്രകാരം ഒഴിവാക്കാന്‍ കഴിയാത്ത ആചാരമാണ് ശിരോവസ്ത്രം ധരിക്കുയെന്നതെന്നും അത് അവരുടെ മൗലികാവകാശമാണെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാന്‍ അധികാരമില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാം, ക‍ര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായകവിധി

ഹര്‍ജി പരിഗണിക്കുന്നതിനിടെ അന്തിമ വിധി വരുന്നതുവരെ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിച്ച്‌ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പ്രവേശിക്കരുതെന്ന ഇടക്കാല ഉത്തരവും ഫെബ്രുവരി പത്തിന് ഹൈക്കോടതി വിശാല ബെഞ്ച് പുറത്തിറക്കിയിരുന്നു. ഇന്ന് കേസില്‍ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകടനങ്ങള്‍ക്കും ആളുകള്‍ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊഗ്ഗ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group