സ്ത്രീധനത്തിന്റെ പേരില്‍ കര്‍ണാടകയിലെ ആനേക്കല്‍ ടൗണില്‍ യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് നാട്ടുകാര്‍ നോക്കിനില്‍ക്കെ 32 കാരിയായ യുവതിയെ മര്‍ദിക്കുകയായിരുന്നു.യുവതിയുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ആനേക്കല്‍ ടൗണിലെ നാരായണപുരയിലാണ് സംഭവം നടന്നത്. അഞ്ച് വര്‍ഷം മുമ്ബ് വിവാഹിതയായ യുവതിക്ക് അന്നുമുതല്‍ ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്.
ഒന്നര ലക്ഷം രൂപ സ്ത്രീധനമായി വീട്ടില്‍ നിന്ന് കൊണ്ടുവരാന്‍ നിരന്തരം ആവശ്യപ്പെട്ടായിരുന്നു പീഡനം. ഭര്‍ത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതും പതിവായിരുന്നു.അടിയും ചവിട്ടും പതിവായതോടെ യുവതിയും കുടുംബവും പ്രദേശത്തെ പഞ്ചായത്തിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഭര്‍തൃവീട്ടുകാര്‍ യുവതിയെ പൊതുസ്ഥലത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.
നാല് വയസ്സുള്ള തന്റെ മകനെ ഭര്‍തൃവീട്ടുകാര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ യുവതി ആനേക്കല്‍ പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് അരുണ്‍കുമാര്‍, ഭര്‍തൃമാതാവ് പ്രഭാവതി, പിതാവ് ചൗധപ്പ, ബന്ധുക്കളായ ഗജേന്ദ്ര, നരസിംഹ മൂര്‍ത്തി, ലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്
 
