ബെംഗളൂരു സർക്കാർ ഉദ്യോഗസ്ഥർ 40% കമ്മിഷൻ ആവശ്യപെട്ടെന്ന് ആരോപിച്ച് പ്രധാന മന്ത്രിക്ക് കത്തെഴുതിയ കരാറുകാരനെതിരെ പൊലീസ് കേസെടുത്തു. ജോലി പൂർത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരതഗി തുലൂക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസർ ഡി.മോഹൻ നൽകിയ പരാതിയിൽ കരാറുകാരനായ യെരിസ്വാമിക്കിരെ വിശ്വാസ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്തത്.
ഖരമാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ നിർമാണ വസ്തുക്കൾ എത്തിക്കാനുള്ള കരാറാണ് ഏറ്റെടുത്തിരുന്നത്. 15 ലക്ഷം രൂപയുടെ നിർമാണ വസ്തുക്കൾ എത്തിച്ചിട്ടും ഇതേ വരെ 4.8 ലക്ഷം രൂപയുടെ ബില്ലുകൾ മാത്രമാണ് മാറിയത്.മുഴുവൻ തുക ലഭിക്കാൻ ഉദ്യോഗസ്ഥർ കരാർ തുകയുടെ 40% കൈക്കൂലിയായി ആവശ്യപെട്ടു.
ഇതു നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് തന്നെ ജോലി പൂർത്തിയാക്കാൻ സമ്മതിച്ചില്ലെന്നും ആരോപിച്ച് യെരിസ്വാമി വിഡിയോ പുറത്തിറക്കിയതോടെയാണ് കേസുമായി ഉദ്യോഗസ്ഥർ മുന്നോട്ടു പോയത്.മന്ത്രിമാർക്കും സാമാജികർക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ 40% കമ്മിഷൻ നൽകിയാലേ കറാറുകൾ ലഭിക്കൂ എന്നാരോപിച്ച് കർണാടക കോൺട്രാക്ടർസ് ഫെഡറേഷൻ നേരത്തെ രംഗത്തു വന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് യെരിസ്വാമിയുടെ ആരോപണവും.
4 കോടി രൂപയുടെ ബിൽ മാറാൻ ഗ്രാമവികസന മന്ത്രിയായിരുന്ന ഈശ്വരപ്പ 40% കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ബെളഗാവിയിൽ നിന്നുള്ള കരാറുകാരൻ സന്തോഷ് പാട്ടിൽ ജീവനൊടുക്കിയത് മന്ത്രിയുടെ രാജിയിൽ കലാശിച്ചിരുന്നു.