ബംഗളൂരു: കര്‍ണാടക മന്ത്രിസഭ വികസന തീരുമാനം നീളുന്നതിനിടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മന്ത്രിസഭ വികസനമായിരിക്കുമോ പുനഃസംഘടനയായിരിക്കുമോ എന്നത് സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷമേ അറിയൂ എന്നും നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ബൊമ്മൈ പറഞ്ഞു.
2023ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രിസഭയില്‍ സമ്ബൂര്‍ണ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ മന്ത്രിസഭയില്‍ സമ്ബൂര്‍ണ അഴിച്ചുപണി വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഡല്‍ഹിയില്‍ പ്രത്യേക യോഗം ചേരുമെന്നും അതിനുശേഷം തന്നെ ചര്‍ച്ചക്കായി വിളിക്കുമെന്നുമാണ് നേരത്തെ ബൊമ്മൈ പറഞ്ഞത്.
ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചക്കുശേഷം മാത്രമേ മന്ത്രിസഭയില്‍ പുതുമുഖങ്ങളുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ വികസനം വൈകുന്നതില്‍ ബി.ജെ.പി നേതാക്കളില്‍ അതൃപ്തി ശക്തമാണ്. കെ.എസ്. ഈശ്വരപ്പ രാജിവെച്ചതോടെ 29 മന്ത്രിമാരാണ് ഉള്ളത്.
അഞ്ച് മന്ത്രിസ്ഥാനമാണ് ശേഷിക്കുന്നത്. പുതുതായി അഞ്ചുപേരെ നിയമിക്കുമോ ഉള്ളവരില്‍ ചിലരെ മാറ്റുമോ എന്നതും വ്യക്തമല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാര തുടര്‍ച്ചയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.