കൊച്ചി: ഓണം ആഘോഷിക്കുന്നതിന് നാട്ടിലെത്താൻ തയ്യാറെടുക്കുന്ന വിദ്യാർഥികളടക്കമുള്ള ബെംഗളൂരു മലയാളികൾക്ക് കനത്ത തിരിച്ചടിയായി അന്തർ സംസ്ഥാന സ്വകാര്യ ബസുകളിലെ യാത്രാനിരക്കുകൾ. വിമാന ടിക്കറ്റ് നിരക്കിനെയും കടത്തിവെട്ടിയാണ് സ്വകാര്യ ബസ് സർവീസുകൾ കുത്തനെ നിരക്കുയർത്തുന്നത്. യാത്രാ നിരക്ക് റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നിട്ടും കേരള സർക്കാർ ഇടപെടുന്നില്ലെന്ന ശക്തമായ വിമർശനം നിലനിൽക്കുകയാണ്.
മലയാളികൾക്ക് യാത്രാ സൗകര്യമൊരുക്കാൻ പ്രാഥമിക ഉത്തരവാദിത്തമുള്ള കെ എസ് ആർ ടി സി കൂടുതൽ ബസുകൾ ഓടിച്ച് അവസരത്തിനൊത്തുയരാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഉത്സവകാലങ്ങളിൽ നിരക്ക് വർധന പതിവാണെങ്കിലും ഇതുപോലൊരു തീ വെട്ടിക്കൊള്ള ഇതാദ്യമാണ്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലും കെ എസ് ആർ ടി സി ബസുകളിലും നേരത്തെ തന്നെ ബുക്കിംഗ് പൂർത്തിയായതിനാൽ സ്വകാര്യ ബസുകളാണ് സാധാരണക്കാർക്ക് ആശ്രയം.
ബംഗളൂരുവിൽ നിന്നുള്ള എല്ലാ ട്രെയിനുകളിലും ഓണം വരെയുള്ള ദിവസങ്ങളിൽ എല്ലാ കാറ്റഗറി സീറ്റുകളും വളരെ നീണ്ട വെയ്റ്റിംഗ് ലിസ്റ്റിലാണ്. കെഎസ്ആർടിസി ഫ്ളെക്സി അടിസ്ഥാനത്തിൽ ഉയർന്ന നിരക്കാണ് ഈടാക്കുന്നതെങ്കിലും അതിലും സീറ്റ് ലഭ്യമല്ല. സ്വകാര്യ ബസുകളിൽ ഈ ദിവസങ്ങളിൽ തന്നെ രണ്ടായിരത്തിന് മുകളിലാണ് നിരക്കുകൾ തുടങ്ങുന്നത്. എസി സ്ലീപ്പറിൽ സീറ്റൊന്നിന് 3000 രൂപക്കടുത്ത് വേണ്ടിവരും. ഓണത്തലേന്ന് ബംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസ് നിരക്ക് ഒരു സീറ്റിന് നാലായിരത്തിന് മുകളിലാണ്.
അതിലും കുറവാണ് ബംഗളൂരു കൊച്ചി വിമാന നിരക്ക്. അത്യാവശ്യക്കാർ മാത്രമാണ് ഉയർന്ന ടിക്കറ്റ് നിരക്ക് നൽകി ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നത്. കുടുംബ സമേതം കേരളത്തിലെത്തിഓണമാഘോഷിക്കാൻ ഒരുങ്ങിയ പലരും കനത്ത നിരക്ക് കണ്ട് ഓണം ബെംളൂരുവിൽ തന്നെ ആഘോഷിക്കാൻ തീരുമാനിച്ചു.കേരളം ഫ്ളെക്സി നിരക്ക് ഈടാക്കുമ്ബോൾ കർണാടക ട്രാൻസ്പോർട്ട് കോർപറേഷനും നിരക്കുകൾ വർധിപ്പിക്കുകയാണ്. സ്വകാര്യ ബസുകളേക്കാൾ നിരക്ക് കുറവാണെങ്കിലും കർണാടക ട്രാൻസ്പോർട്ട് ബസുകളിലും ബുക്കിംഗ് അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണ്.
എങ്കിലും മലയാളികൾക്ക് വേണ്ടികെഎസ്ആർടിസി നൽകുന്നതിനേക്കാൾ മികച്ച സേവനം കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ നൽകുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. തിരക്ക് പരിഗണിച്ച് കൂടുതൽ ബസുകൾ ഓടിക്കാൻ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ തീരുമാനിച്ചപ്പോഴും കെ എസ് ആർ ടി സി യും സംസ്ഥാന സർക്കാരും ഒരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ല.
കോഴിക്കോട്: ഓണമാഘോഷിക്കാൻ നാട്ടിലെത്തുന്നവർ റെയിൽവെ ടിക്കറ്റിന് വൻതുക നൽകേണ്ടിവരും. പ്രീമിയർ തൽകാൽ പ്രീമിയർ തൽകാൽ ടിക്കറ്റുകളുടെ പേരിലാണ് നിരക്ക് കുത്തനെ കൂട്ടിറെയിൽവെ യാത്രക്കാർക്ക് മേൽ പ്രഹരമേൽപ്പിച്ചത്. ആകെ സീറ്റുകളുടെ പത്ത് ശതമാനം വരെ ടിക്കറ്റുകൾ പ്രീമിയം തത്കാൽ ക്വാട്ടയിൽ ഉൾപ്പെടുത്തിയാണ് റെയിൽവെ കരിഞ്ചന്ത വിൽപന നടത്തുന്നത്. മംഗളൂരുവിനും തിരുവനന്തപുരത്തിനും ഇടയിൽ സർവ്വീസ് നടത്തുന്ന മിക്ക ട്രെയിനുകളിലും റിസർവേഷൻ ടിക്കറ്റോ തത്കാൽ ടിക്കറ്റോ കിട്ടിയില്ലെങ്കിലും വിലകൂടിയ പ്രീമിയം തത്കാൽ ടിക്കറ്റ് ലഭ്യമാണ്.
നേരത്തെ റെയിൽവെ പരിമിതമായ ടിക്കറ്റുകളാണ് പ്രീമിയം തത്കാൽ ക്വാട്ടയിൽ നീക്കിവെച്ചിരുന്നതെങ്കിൽ നിലവിൽ കൂടുതൽടിക്കറ്റുകൾ പ്രീമിയത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതുവഴി കൂടുതൽ തുക കണ്ടെത്തുകയാണ് ലക്ഷ്യം. നിലവിൽ കോഴിക്കോട് തിരുവനന്തപുരം സ്ലീപ്പർ ക്ലാസിൽ യാത്രചെയ്യുന്നതിന് 245 രൂപയാണ് മാവേലി എക്സ്പ്രസ് ടിക്കറ്റ് നിരക്ക്. തത്കാൽ ക്വാട്ടയിൽ 399 രൂപയും പ്രീമിയം തത്കാലിൽ 615 രൂപയും നൽകണം.
രണ്ടര ഇരട്ടിയോളമാണ് നിരക്ക് വർധനവ്. പലപ്പോഴും ടിക്കറ്റ് കിട്ടാതെ വരുമ്ബോൾ പ്രീമിയം ആശ്രയിക്കേണ്ട സ്ഥിതിയിലാണ് യാത്രക്കാർ. ഓണാവധിക്കാലത്തെ റിസർവേഷൻ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുമ്ബേ തീർന്നിട്ടുണ്ട്. തത്കാൽ ടിക്കറ്റാവട്ടെ ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കകം കാലിയുമാകും. ഇതിന് പിന്നാലെയാണ് പ്രീമിയം തത്കാൽ എന്ന കരിഞ്ചന്തക്കച്ചവടം.
പ്രീമിയം തത്കാൽ ടിക്കറ്റുകളുടെ പേരിൽ നടത്തുന്ന കൊള്ളക്കെതിരെ യാത്രക്കാർക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. അതേസമയം, ആവശ്യക്കാർ വർധിക്കുമ്ബോൾ ടിക്കറ്റ് ചാർജ് മാറിമറിയുന്ന ഡൈനാമിക് പസിങ് രീതിയാണിതെന്നാണ് റെയിൽവേയുടെ വിശദീകരണം.