ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു.പതിവ് നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ് മിക്ക സ്വകാര്യബസുകളും ഈടാക്കുന്നത്. യാത്രത്തിരക്ക് കൂടുതലുള്ള സെപ്റ്റംബർ ആറിന്ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് 4,500 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്. അതേസമയം, ഈ ദിവസം വിമാനത്തിൽ രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്.
എറണാകുളത്തേക്ക് സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2,500 രൂപ വരെയാണ് സ്വകാര്യബസുകൾ ഈടാക്കിയിരുന്നത്.സെപ്റ്റംബർ രണ്ടിനും ഏഴിനുമിടയിലാണ് ഓണാവധി പ്രമാണിച്ച് കൂടുതൽ മലയാളികളും നാട്ടിലേക്കു പോകുന്നത്. അവധി അടുത്തുവരുമ്പോൾ യാത്രത്തിരക്ക് കൂടുന്നതിനാൽ സ്വകാര്യബസുകളിലെ ടിക്കറ്റ് നിരക്ക് 5,000 എത്താനാണ് സാധ്യത.
നിലവിൽ സെപ്റ്റംബർ രണ്ടിനും ഏഴിനും ഇടയിലുള്ള ബസുകളിലെല്ലാം ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. സെപ്റ്റംബർ ആറിന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 2,100 രൂപയാണ് സ്വകാര്യബസുകളിലെ ഉയർന്ന നിരക്ക്. ഉത്സവകാലങ്ങളിൽ സ്വകാര്യബസുകൾ നിരക്കുയർത്തുന്നത് പതിവാണെങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്നതിലുമധികമായി ഉയർത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് യാത്രക്കാരുടെ പരാതി.
സ്വകാര്യബസുകളിലെ നിരക്കുവർധന നിയന്ത്രിക്കാനുള്ള നടപടികൾ അധികൃതരെടുക്കാറില്ല. ടിക്കറ്റ് നിരക്ക് എത്രകൂട്ടിയാലും യാത്ര ചെയ്യാൻ ആളുണ്ടെന്നതും സ്വകാര്യബസുകൾക്ക് പ്രചോദനമാവുകയാണ്. കേരളത്തിലേക്കുള്ള തീവണ്ടികളിലും കേരള-കർണാടക ആർ.ടി.സി. ബസുകളിലും ടിക്കറ്റ് ലഭിക്കാതെ വരുന്ന സാധാരണക്കാർക്കാണ് സ്വകാര്യബസുകളുടെ അമിതനിരക്ക് കൂടുതലും ബുദ്ധിമുട്ടുണ്ടാക്കുന്നത്.