തൃശൂര്‍: യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി തിരുവനന്തപുരം-ബെന്‍ഗ്ലൂറു സ്‌കാനിയ ബസ് തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ തൃശൂരില്‍ കുടുങ്ങി.വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് വഴിമധ്യേ കുടുങ്ങിയത്.വെള്ളിയാഴ്ച പുലര്‍ച്ചെ ബെന്‍ഗ്ലൂറുവിലെത്തേണ്ടതായിരുന്നു.
മറ്റ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ അധികൃതര്‍ സ്‌കാനിയക്ക് പകരം എസി ലോഫ്ളോര്‍ ബസില്‍ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് യാത്ര തുടര്‍ന്നത്.ബസ് തൃശൂരിലെത്തിയപ്പോള്‍ എ സി തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണം. യാത്ര തുടരണമെങ്കില്‍ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ മാത്രമേയുള്ളു എന്നായിരുന്നു അധികൃതരുടെ മറുപടി.
പുലര്‍ച്ചെ മൂന്നരയായതിനാല്‍ ഇവിടങ്ങളില്‍ നിന്ന് മറ്റൊരു ബസ് എത്തിക്കാനാവില്ലെന്നും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ ആറ് മണിവരെ യാത്രക്കാര്‍ക്ക് തൃശൂരില്‍ തന്നെ തുടരേണ്ടിവന്നു.
ഒടുവില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ഒരു എ സി ലോഫ്ളോര്‍ ബസില്‍ ഇവരെ കോഴിക്കോടേക്ക് അയക്കുകയായിരുന്നു. കോഴിക്കോട് എത്തിയ ശേഷം സ്‌കാനിയ ബസില്‍ ബെന്‍ഗ്ലൂറുവിലേക്ക് പോകാമെന്നാണ് നിലവില്‍ കെ എസ് ആര്‍ ടി സി പറയുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ബെന്‍ഗ്ലൂറുവിലെത്തേണ്ട ബസ് ശനിയാഴ്ചയും എത്തുമോ എന്നാണ് യാത്രക്കാരുടെ സംശയം. ബസില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. അത്യാവശ്യക്കാരായ ചില യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ ബെന്‍ഗ്ലൂറുവിലേക്ക് പോയി.