Home Featured തനിക്ക് പകരം മകൻ മത്സരിക്കുമെന്ന് യെദ്യൂരപ്പ; കര്‍ണാടകയിൽ കോണ്‍ഗ്രസിനെ ജയിപ്പിക്കില്ലെന്നും പ്രഖ്യാപനം

തനിക്ക് പകരം മകൻ മത്സരിക്കുമെന്ന് യെദ്യൂരപ്പ; കര്‍ണാടകയിൽ കോണ്‍ഗ്രസിനെ ജയിപ്പിക്കില്ലെന്നും പ്രഖ്യാപനം

ബെംഗളൂരു: താൻ പ്രതിനിധീകരിക്കുന്ന ശിക്കാരിപുര നിയോജകമണ്ഡലം മകൻ വിജയേന്ദ്രയ്ക്ക് വിട്ടു നൽകുന്നതായി ബിജെപി നേതാവും മുൻകര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ്.യെദ്യൂരപ്പ (BS Yediyurappa) പ്രഖ്യാപിച്ചു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിൽ ഉൾപ്പെട്ട ശിക്കാരിപുര മണ്ഡലത്തിലാണ് ഇനി തനിക്ക് പകരം മകൻ വിജയേന്ദ്ര (B. Y. Vijayendra) മത്സരിക്കുമെന്ന് യെദ്യൂരപ്പ അറിയിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയേന്ദ്രയ്ക്ക്  പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ണാടകയിലെ ജനങ്ങളും പിന്തുണ നൽകണമെന്നും യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു. 

ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമായ കര്‍ണാടകയിൽ പാര്‍ട്ടി തന്നെ അധികാരത്തിൽ നിന്നും മാറ്റിയെന്ന ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് ശിക്കാരിപുര സീറ്റിൽ മകൻ പിൻഗാമിയായി വരുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിക്കുന്നത്. കർണാടകയിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ വരാൻ അനുവദിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. 

 കര്‍ണാടകയിൽ തെരഞ്ഞെടുപ്പ് എത്തും മുൻപേ മുഖ്യമന്ത്രിയാകാൻ കോൺഗ്രസ് നേതാക്കൾ പരസ്‌പരം മത്സരിക്കുകയാണെന്ന്  സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും പരിഹസിച്ചു കൊണ്ട് യെദ്യൂരപ്പ പറഞ്ഞു. അങ്ങനെ സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിൽ വരും താമരചിഹ്നത്തിൽ ജയിക്കുന്നയാൾ മുഖ്യമന്ത്രിയാകുകയും ചെയ്യും.

2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും – ജെഡിഎസും ചേര്‍ന്ന് കര്‍ണാടകയിൽ സര്‍ക്കാര്‍ രൂപീകരിക്കുകയും ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. എന്നാൽ 2019-ൽ കോണ്‍ഗ്രസിലേയും ജെഡിഎസിലേയും ചില എംഎൽഎമാര്‍ രാജിവച്ചതോടെ കൂട്ടുകക്ഷി സര്‍ക്കാര്‍ നിലംപതിച്ചു. ഇതോടെ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയാവുകയും ചെയ്തു. 2021 ജൂലൈയിൽ ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുകയും ബസവരാജ് ബൊമ്മയെ മുഖ്യന്ത്രിയാക്കുകയും ചെയ്തിരുന്നു. 

75 വയസ്സ് പിന്നിട്ടവരെ തെരഞ്ഞെടുപ്പ്, അധികാര രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിര്‍ത്തുക എന്ന ബിജെപി നയത്തിൻ്റെ ഭാഗമായാണ് യെദ്യൂരപ്പയെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ശേഷം പാര്‍ട്ടി നേതൃത്വത്തിനോട് അത്ര നല്ല ബന്ധമല്ല യെദ്യൂരപ്പയ്ക്കുള്ളത്.  അടുത്ത വര്‍ഷം മെയ് മാസത്തിന് മുൻപായിട്ടാണ് കര്‍ണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവിൽ 224 അംഗ കര്‍ണാടക നിയമസഭയിൽ നിലവിൽ 104 സീറ്റുകളുമായി ബിജെപിയാണ് ഭരണപക്ഷത്തുള്ളത്. കോണ്‍ഗ്രസിന് 80 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളും ഉണ്ട്. 

You may also like

error: Content is protected !!
Join Our WhatsApp Group