ബെംഗളൂരു : കോളേജ് പഠനം അവസാനിപ്പിച്ചതിന് വഴക്കു പറഞ്ഞതിൽ മനംനൊന്ത് കിണറ്റിൽ ചാടിയ 19-കാരിക്കും രക്ഷിക്കാൻചാടിയ സഹോദരനും ദാരുണാന്ത്യം. കലബുറഗി ജില്ലയിലെ ചിഞ്ചോളി പട്ടപള്ളിയിലാണ് സംഭവം. നന്ദിനി, സഹോദരൻ സന്ദീപ് (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും കിണറ്റിൽ ചാടിയതെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കിണറ്റിൽനിന്ന് പുറത്തെടുത്തത്.
പ്ലസ്സുവിന് ശേഷം കോളേജിൽ ചേർന്ന നന്ദിനി ഈയിടെയാണ് പഠനം അവസാനിപ്പിച്ചത്. പഠനം അവസാനിപ്പിച്ചതിനെ എതിർത്തിരുന്ന സന്ദീപ് ഇക്കാര്യമുന്നയിച്ച് നന്ദിനിയെ നിരന്തരം വഴക്കുപറഞ്ഞിരുന്നു.തിങ്കളാഴ്ചയും ഇരുവരും തമ്മിൽ പഠനം നിർത്തിയതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായി. ഇതിനിടെ പുറത്തേക്കോടിയ നന്ദിനി അരക്കിലോമീറ്റർ അകലെയുള്ള കിണറ്റിൽ ചാടുകയായിരുന്നു. ഇതോടെ നന്ദിനിക്കുപിന്നാലെയെത്തിയ സന്ദീപും കിണറ്റിലേക്കെടുത്തുചാടി.
ഏറെനേരം കഴിഞ്ഞിട്ടും ഇരുവരേയും കാണാത്തതിനാൽ രക്ഷിതാക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രദേശവാസികൾ കിണറ്റിൽ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. ഏറെനേരത്തേ പ്രയത്നത്തിനൊടുവിലാണ് ആഴമേറിയ കിണറ്റിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ചിഞ്ചോളി പോലീസ് അറിയിച്ചു.
അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും വെട്ടിക്കൊന്നു; തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല
തമിഴ്‌നാട്ടില്‍ അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. മധുരയില്‍ മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. പ്രതികളെ പിടികൂടാന്‍ രണ്ടു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു.മധുര തിരുമംഗലത്താണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. 20 വയസുള്ള പ്രവീണ്‍ കുമാര്‍ ആണ് സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയത്. മഹാലക്ഷ്മി അന്യജാതിയില്‍പ്പെട്ട സതീഷുമായി പ്രണയത്തിലായിരുന്നു.
ഇതിനെ എതിര്‍ത്ത കുടുംബം മഹാലക്ഷ്മിയെ മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചു. ഈ ബന്ധം പിരിഞ്ഞ ശേഷം മഹാലക്ഷ്മി അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് വീണ്ടും മഹാലക്ഷ്മി സതീഷുമായി അടുക്കുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. സതീഷിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടിലെത്തിയ പ്രവീണ്‍ കുമാര്‍ സഹോദരിയെയും വെട്ടുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.