Home Featured എച്ച്‌ഐവി പരത്താന്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു : യുവാവ് അറസ്റ്റില്‍

എച്ച്‌ഐവി പരത്താന്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു : യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി : എച്ച്‌ഐവി പരത്തണമെന്ന ഉദ്ദേശത്തില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. സൗത്ത് ഈസ്റ്റ് ഡല്‍ഹി സ്വദേശിയായ 25കാരനാണ് അറസ്റ്റിലായത്. ബലാത്സംഗത്തിനിരയായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ 14ന് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയും യുവാവും അയല്‍ക്കാരായിരുന്നു. സംഭവം നടന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ കുട്ടിയും അമ്മയും താമസിക്കുന്ന കെട്ടിടത്തില്‍ വാടകക്കാരനായി എത്തിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയം നോക്കി എത്തിയ യുവാവ് കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കടന്നു കളഞ്ഞു. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ മാതാവ് കുട്ടിയുടെ ദേഹത്തെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരമറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ പോലീസിനെ അറിയിയ്ക്കുകയും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ ബാമിനിഖേര ഗ്രാമത്തില്‍ നിന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്. മെഡിക്കല്‍ പരിശോധനയില്‍ യുവാവ് എച്ച്‌ഐവി പോസിറ്റീവാണെന്ന് തെളിഞ്ഞതായും ഇയാള്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.

ബിഹാര്‍ സ്വദേശികളാണ് പെണ്‍കുട്ടിയും അമ്മയും. സംഭവത്തിന് ശേഷം ആകെ തകര്‍ന്ന പെണ്‍കുട്ടിയെ തിരിച്ച് നാട്ടിലേക്കയയ്ക്കാനാണ് യുവതിയുടെ തീരുമാനം. ഡല്‍ഹിയില്‍ ഇവര്‍ക്ക് മറ്റ് ബന്ധുക്കളില്ലെന്നാണ് വിവരം. കുട്ടിയുടെ അച്ഛന്‍ ഇവരെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് ഇരുവരും ഡല്‍ഹിയിലേക്ക് താമസം മാറുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group