Home Featured ഇനി ആര്‍ക്കും അവസരം തന്നില്ലെന്ന് പറയരുത്; ലോകകപ്പില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ബ്രസീല്‍

ഇനി ആര്‍ക്കും അവസരം തന്നില്ലെന്ന് പറയരുത്; ലോകകപ്പില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ബ്രസീല്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ പിറന്നത് ലോകകപ്പ് ചരിത്രത്തിലെ തന്നെ അപൂര്‍വ റെക്കോര്‍ഡ്. ദക്ഷിണ കൊറിയക്കെതിരെ ആദ്യ പകുതിയില്‍ തന്നെ നാലു ഗോളടിച്ച് വിജയം ഉറപ്പിച്ച ബ്രസീല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോളടിച്ചില്ലെങ്കിലും ഒരു ഗോള്‍ വഴങ്ങി. തോല്‍വി ഉപ്പിച്ച കൊറിയന്‍ താരങ്ങള്‍ തോല്‍വിഭാരം കുറക്കാന്‍ കൈ മെയ് മറന്ന് ആക്രമിക്കുന്നതിനിടെ കളിയുടെ അന്ത്യ നിമിഷങ്ങളില്‍ തങ്ങളുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറെ കോച്ച് ടിറ്റെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതുകൊണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി.

അതിന് മുമ്പ് കൊറിയന്‍ താരങ്ങളുടെ ഗോളെന്നുറന്ന രണ്ട് ഷോട്ടുകളാണ് അലിസണ്‍ രക്ഷപ്പെടുത്തിയത്. കളി തീരാന്‍ 10 മിനിറ്റ് കൂടി ബാക്കിയിരിക്കെയാണ് അലിസണ് പകരം മൂന്നാം ഗോള്‍ കീപ്പറായ വെവെര്‍ട്ടണെ ബ്രസീല്‍ കോച്ച് ടിറ്റെ പകരക്കാരനായി ഇറക്കിയത്. വെവര്‍ട്ടണ്‍ ഗോള്‍ പോസ്റ്റിന് കീഴിലെത്തിയതോടെ ഈ ലോകകപ്പില്‍ ടീമിലുള്ള 26 കളിക്കാരും ബ്രസീലിന് വേണ്ടി ഗ്രൗണ്ടിലിറങ്ങി.

ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീമിലെ മുഴവന്‍ കളിക്കാരെയും ഒരു ടീം ടൂര്‍ണമെന്‍റില്‍ ഗ്രൗണ്ടിലിറക്കുന്നത്. 2014ലെ ലോകകപ്പില്‍ ടീമിലുള്ള 23 കളിക്കാരെയും ഗ്രൗണ്ടിലിറക്കി നെതര്‍ലന്‍ഡ്സ് റെക്കോര്‍ഡിട്ടിരുന്നെങ്കിലും ഒരുപടി കൂടി കടന്ന 26 പേരെയും ഗ്രൗണ്ടിലറക്കിയാണ് ടിറ്റെ റെക്കോര്‍ഡിട്ടത്.

മുന്‍ ലോകകപ്പുകളില്‍ പരമാവധി 23 അംഗ ടീമിനെയായിരുന്നു ടീമുകള്‍ക്ക് തെരഞ്ഞെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇത്തവണ കൊവിഡ് പരിഗണിച്ച് അത് 26 ആക്കി ഫിഫ ഉയര്‍ത്തിയിരുന്നു. അതുപോലെ മൂന്ന് സബ്സ്റ്റിറ്റ്യൂഷന്‍ എന്നത് അഞ്ച് സബ്സ്റ്റിറ്റ്യൂഷന്‍ ആക്കിയിരുന്നു.

നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണിനെതിരായ അവസാന മത്സരത്തില്‍ അടിമുടി മാറ്റവുമായിട്ടായിരുന്നു ടിറ്റെ ടീമിനെ ഇറക്കിയത്.രണ്ടാം ഗോള്‍ കീപ്പറായിരുന്ന എഡേഴ്സണായിരുന്നു ഈ മത്സരത്തില്‍ വല കാത്തത്. കാമറൂണിന്‍റെ വിന്‍സന്‍റെ അബൂബക്കറിന്‍റെ അവസാന നിമിഷ ഗോളില്‍ ബ്രസീല്‍ പരാജയപ്പെട്ടെങ്കിലും മുന്‍നിര താരങ്ങളെ വീണ്ടും ഇറക്കാന്‍ ടിറ്റെ തുനിഞ്ഞില്ല.

You may also like

error: Content is protected !!
Join Our WhatsApp Group