ബെംഗളൂരു: പൊതുജനങ്ങൾക്ക് ബെംഗളൂരുവിലെ പ്രശ്‌നങ്ങൾ അറിയിക്കാനും നഗരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് അഭിപ്രായങ്ങൾ അറിയിക്കാനും വെബ്‌സൈറ്റ് ആരംഭിച്ച് സർക്കാർ. ‘ബ്രാൻഡ് ബെംഗളൂരു’ എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിച്ചത്.കർണാടകത്തിലെ എല്ലാവരും വെബ്‌സൈറ്റിലൂടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണമെന്ന് ബെംഗളൂരു നഗരവികസന മന്ത്രികൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
ജനങ്ങൾ നൽകുന്ന നിർദേശങ്ങൾ പരിഗണിച്ച് സാധ്യമായവ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. brandbengaluru.karnataka.gov.in എന്ന വെബ്‌സൈറ്റിലാണ് അഭിപ്രായങ്ങൾ അറിയിക്കേണ്ടത്. ഈ മാസം 30 വരെയാണ് സമയം.ആരെല്ലാം നിർദേശങ്ങൾ നൽകിയാലും സ്വീകരിക്കാൻ തയ്യാറാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
പുതിയ വെബ്‌സൈറ്റ് ആരംഭിച്ചതിലൂടെ ബെംഗളൂരുവിന്റെ വികസനത്തിൽ പൊതുജനത്തിനും പങ്കാളികളാകാൻ അവസരമൊരുക്കിയിരിക്കുകയാണ് സർക്കാർ.നഗരത്തിലെ ഗതാഗതപ്രശ്‌നം, മാലിന്യപ്രശ്‌നം, വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ദുരിതങ്ങൾ തുടങ്ങിയവയെല്ലാം വെബ്‌സൈറ്റിലൂടെ അറിയിക്കാനാകും. നഗരവികസനവുമായി ബന്ധപ്പെട്ട സർക്കാരിന് ഉപദേശങ്ങൾ നൽകാൻ പ്രത്യേക സമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബെംഗളൂരുവിന്റെ പഴയ പ്രതിച്ഛായ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് സർക്കാർ നടത്തിവരുന്നത്.ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം നഗരത്തിന്റെ വികസനത്തിനു വേണ്ടി അടുത്ത ആറു മാസത്തിനകം മാസ്റ്റർ പ്ലാൻ തയ്യാറാക്കും.ഇതിന് ശേഷമാകും നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.ഗതാഗതക്കുരുക്കും മാലിന്യ പ്രശ്‌നവുമാണ് നഗരം നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾ.