ബെംഗളുരു: കര്‍ണാടകയില്‍ വീണ്ടും ക്ഷേത്രോത്സവത്തില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്. മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിലാണ് വംശീയ-വിദ്വേഷ നടപടി.ഇവിടുത്തെ ശ്രീ മഹാലിംഗേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പ്രദേശത്ത് ഒരു വിഭാഗം വ്യാപാരികള്‍ക്കെതിരെ ബഹിഷ്കരണ ബാനറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.ജനുവരി 14 മുതല്‍ 18 വരെ നടക്കുന്ന ഉത്സവത്തില്‍ നിന്നാണ് മുസ്‌ലിം വ്യാപാരികളെ വിലക്കിയിരിക്കുന്നത്.
സംഘ്പരിവാര്‍ സംഘടനകളായ വി.എച്ച്.പിയും ബജ്രംഗ്ദളുമാണ് ഇത്തരം ബഹിഷ്കരണ ബാനറുകള്‍ സ്ഥാപിച്ചത്.”നേരത്തെ, ഭൂരിഭാഗം സ്റ്റാളുകളും മുസ്‌ലികളായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത്തവണ, സ്റ്റാളുകളുടെ കരാര്‍ അനുവദിക്കുന്നതിന്റെ നടത്തിപ്പ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്”- പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. ക്ഷേത്ര പരിപാലന കമ്മിറ്റിയുടെ യോഗത്തിലാണ് മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഹിന്ദു മതത്തിലും പാരമ്ബര്യത്തിലും വിശ്വസിക്കുന്ന വ്യാപാരികള്‍ക്ക് മാത്രമേ കച്ചവടം നടത്താന്‍ അവസരം നല്‍കൂ എന്നാണ് ബാനറില്‍ പറയുന്നത്. വിഗ്രഹത്തെ ആരാധിക്കുന്നത് ഹറാം ആണെന്ന് വിശ്വസിക്കുന്ന ആര്‍ക്കും ഇവിടെ വ്യാപാരം നടത്താന്‍ അനുവാദമില്ലെന്നും ബാനറില്‍ പറയുന്നു.ബി.ജെ.പി എം.എല്‍.എ ഭരത് ഷെട്ടിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇതാദ്യമായല്ല ഇത്തരം വിലക്ക്.
മുമ്ബും കര്‍ണാടകയുടെ വിവിധയിടങ്ങളിലെ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് കച്ചവടം നടത്താന്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരുന്നു.കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഉഡുപ്പിയിലെ ഹൊസ മാരിഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കിയിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
ഇതു കൂടാതെ, മുല്‍കിയിലെ ക്ഷേത്രോത്സവ നഗരിയില്‍ നിന്നും മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. മുല്‍കി ബപ്പനാഡു ദുര്‍ഗ പരമേശ്വരി ക്ഷേത്രത്തിലെ ഉത്സവപ്പറമ്ബില്‍ നിന്നാണ് ഉത്തര്‍പ്രദേശ് സ്വദേശികളായ ഹാമിദ്, ഇംറാന്‍, ഫുര്‍ഖാന്‍ എന്നിവരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒഴിപ്പിച്ചത്.പേര് ചോദിച്ച് മുസ്‌ലിംകളാണെന്ന് മനസിലായതോടെ അവിടംവിട്ടുപോവാന്‍ ആവശ്യപ്പെടുകയായിരുന്നു. ശിവമോഗ മാരികമ്ബ ക്ഷേത്രോത്സവത്തില്‍ നിന്നാണ് സംസ്ഥാനത്ത് ആദ്യമായി ഹിന്ദുത്വ സംഘടനകള്‍ മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്കരിച്ച് തുടങ്ങിയത്. ഇതാണ് മറ്റിടങ്ങളിലേക്കും വ്യാപിച്ചത്.
ചരിത്രപ്രസിദ്ധമായ ബേലൂര്‍ ചന്നകേശവ ക്ഷേത്രം, തുമകുരുവിലെ സിദ്ധലിംഗേശ്വര ക്ഷേത്രം, ശിവമോഗയിലെ മഹാഗണപതി ക്ഷേത്രം, ദക്ഷിണ കന്നടയില്‍ പുത്തൂര്‍ മാരികമ്ബ ഉത്സവ മേള, മംഗളൂരു മാരികമ്ബ മേള എന്നിവിടങ്ങളിലും കഴിഞ്ഞവര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ചിക്കമകളൂരു ശൃംഗേരി അദ്ദ ഗഡ്ഡെ, കിഗ്ഗ മേളകളിലും മുസ്‌ലിംകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ് 800 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നതാണ് ബപ്പനാഡു ക്ഷേത്രം.ക്ഷേത്രത്തിന് സമീപം ‘സാമുദായിക സൗഹാര്‍ദത്തിന്‍റെ ആധുനിക ഉദാഹരണം’ എന്ന് എഴുതിവച്ചിട്ടുണ്ട്. മുസ്‌ലിം കച്ചവടക്കാരനാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് പറയപ്പെടുന്നതെന്നും മുസ്‌ലിംകള്‍ക്ക് പ്രസാദം സ്വീകരിക്കാന്‍ അനുവാദം നല്‍കുന്ന അപൂര്‍വ ക്ഷേത്രമാണിതെന്നും ക്ഷേത്രവളപ്പിലെ ബോര്‍ഡിലുണ്ട്.
എന്നിരിക്കെയാണ് ഇവിടെ ഹിന്ദുത്വ സംഘടനകള്‍ ഭിന്നിപ്പിന്‍റെ രാഷ്ട്രീയവുമായി രംഗത്തെത്തി ക്ഷേത്ര പാരമ്ബര്യത്തിന് കളങ്കമേല്‍പ്പിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതുകൂടാതെ, സോമവാര്‍പേട്ട് ശനിവാരസന്തെയില്‍ സംഘടിപ്പിച്ച കൃഷിമേളയിലും മുസ്‌ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മടിക്കേരിയില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
മൈസൂരുവിലെ പ്രസിദ്ധമായ ചാമുണ്ഡേശ്വരി ഹില്‍സില്‍ നിന്നും മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മൈസൂരു കോര്‍പറേഷന്‍ അധികൃതര്‍ക്ക് ഹിന്ദുത്വ സംഘടന നിവേദനം നല്‍കുകയും ചെയ്തിരുന്നു. കര്‍ണാടകയിലാകെ ക്ഷേത്രോത്സവങ്ങളില്‍ കഴിഞ്ഞവര്‍ഷം സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ വിദ്വേഷ-വംശീയ നടപടിയാണ് ഈ വര്‍ഷവും ആവര്‍ത്തിക്കുന്നത്.
ആര്‍ത്തവ അവധി നല്‍കി കുസാറ്റ്; ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധി
എറണാകുളം: വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല. ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധിയാണ് വിദ്യാര്‍ഥിനികള്‍ക്ക് ലഭിക്കുക.കുസാറ്റിലെ എസ്.എഫ്‌ഐ യൂനിറ്റ് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ കേരളത്തിലാദ്യമായി ആര്‍ത്തവ അവധി അനുവദിക്കുന്ന സര്‍വകലാശാല എന്ന പദവി നേടി ചരിത്രമാവുകയാണ് കുസാറ്റ്.
ബിഹാറായിരുന്നു ഇതിന് മുന്‍പ് ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. ഇതേ തുടര്‍ന്ന് ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്നും ആര്‍ത്തവ അവധി ആവശ്യപ്പെടുകയും ചെയ്ത് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു.വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നായിരുന്നു ഹരജി.
ആര്‍ത്തവ സമയത്ത് ഒരു സ്ത്രീ കടന്ന് പോകുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. ആര്‍ത്തവ വേദന ജീവനക്കാരിയുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യന്‍ കമ്ബനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എ.ആര്‍.സി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്ബളത്തോട് കൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.