ബെംഗലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് ഇത്തവണ വൻ വിജയമാണ് കോൺഗ്രസ് നേടിയത്.
224 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 128 സീറ്റുകളിൽ കോൺഗ്രസ് ലീഡ് നേടി മുന്നിലാണ്. ഒരു സീറ്റിൽ വിജയിച്ചു. ഇതോടെ 129 സീറ്റാണ് കോൺഗ്രസിന് ആകെയുള്ളത്. ബിജെപി 67 സീറ്റിലേക്കും ജെഡിഎസ് 22 സീറ്റിലേക്കും വീണു. കല്യാണ രാജ്യ പ്രഗതി പക്ഷ, സർവോദയ കർണാടക പക്ഷ എന്നീ പാർട്ടികൾ ഓരോ സീറ്റിൽ മുന്നിലാണ്. നാല് സ്വതന്ത്രരും മുന്നിലാണ്.
കോൺഗ്രസിന് മുന്നിൽ കൈ ‘മലർത്താതെ’ കർണാടക; അടുത്ത മുഖ്യമന്ത്രി ആരാകും?
കർണാടകയിൽ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്. അവസാന ഫലം ഇനിയും പുറത്തു വന്നിട്ടില്ലെങ്കിലും കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഘോഷങ്ങൾ നേരത്തേ തുടങ്ങി. കർണാടകയിലെ വിജയം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ഊർജമാകും നൽകുക. ഒപ്പം പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും.കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ ആരാകും മുഖ്യമന്ത്രി എന്നതടക്കമുള്ള ചർച്ചകളും ഇതിനകം ഉയർന്നു കഴിഞ്ഞു.
കർണാടക കോൺഗ്രസിലെ ചാലശക്തികളായ സിദ്ധരാമയ്യയുടേയും ഡികെ ശിവകുമാറിന്റേയും പേരുകൾ തന്നെയാണ് ഉയർന്നു കേൾക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇരു നേതാക്കളേയും ചേർത്തു നിർത്തി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഗാന്ധി കുടുംബം പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇത് എത്രത്തോളം വിജയം കണ്ടുവെന്നത് ഇനിയാകും വ്യക്തമാകുക.