Home Featured പൊട്ടാത്ത ബോംബുമായി വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി; ഓർമയ്ക്കായി എടുത്തതെന്ന് വിശദീകരണം: വീഡിയോ കാണാം

പൊട്ടാത്ത ബോംബുമായി വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി; ഓർമയ്ക്കായി എടുത്തതെന്ന് വിശദീകരണം: വീഡിയോ കാണാം

പൊട്ടാത്ത ബോംബുമായി വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികൾ പരിഭ്രാന്തി പരത്തി. ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലാണ് സംഭവം.

അമേരിക്കയിൽനിന്നും ഇസ്രായേൽ സന്ദർശിക്കാൻ വന്ന് മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുടെ കൈയിൽനിന്നാണ് പൊട്ടാത്ത ഷെൽകണ്ടെടുത്തത്. ഇസ്രായേൽ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി കൊണ്ടു വന്നതാണ് ഇതെന്നാണ് വിനോദ സഞ്ചാരികൾ പറഞ്ഞത്.

സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ബോംബ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അൽപസമയം വിമാനത്താവളത്തിൽ പരിഭ്രാന്തി പരന്നു. ബോംബ് നിർവീര്യമാക്കിയ ശേഷം വിനോദ സഞ്ചാരികളെ നാട്ടിലേക്ക് പോവാൻ അനുവദിച്ചു. വിമാനത്താവള പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു.

ജെറൂസലമിൽനിന്നും 28 മൈൽ അകലെയുള്ള ഈ വിമാനത്താവളമാണ് രാജ്യത്തിലേക്കുള്ള പ്രവേശന കവാടം. ഇവിടെയാണ്, അമേരിക്കൻ വിനോദ സഞ്ചാരികൾ ബാഗിൽ ബോംബുമായി വന്നത്. ഗൊലാൻ കുന്നുകൾ സന്ദർശിക്കാൻ എത്തിയ ഇവർക്ക് അവിടെ വെച്ചാണ് പൊട്ടാത്ത പഴയ ഷെൽ കിട്ടിയതെന്ന് അവർ പറഞ്ഞു.

ബോംബ് കണ്ടപ്പോൾ ഇസ്രായേൽ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി ബാഗിൽ സൂക്ഷിക്കുകയായിരുന്നുവെന്നും ഇവർ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.

വിമാനത്താവളത്തിൽ എത്തിയപ്പോൾ ബാക്ക്പാക്കിലുള്ള ബോംബ് ബാഗേജിൽ സൂക്ഷിക്കാനാവുമോ എന്നറിയാൻ ഇവർ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്നത് ബോംബാണെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ഉദ്യോഗസ്ഥർ അപകട സൈറൺ മുഴക്കി.

ആ നിമിഷം തന്നെ സുരക്ഷാജീവനക്കാർ പാഞ്ഞെത്തുകയും ഇവരെ പിടികൂടുകയും ചെയ്തു. അതിനു ശേഷം, ബോംബ് സ്ക്വാഡിലെ വിദഗ്ധരെത്തി ഇത് നിർവീര്യമാക്കി. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു. അപ്പോഴാണ് നടന്ന സംഭവം എന്തെന്ന് ഇവർ പറഞ്ഞത്.

തുടർന്ന്, വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരെ അമേരിക്കയിലേക്ക് പോവാൻ അനുവദിച്ചു.ഇസ്രായേലും സിറിയയും തമ്മിൽ 1967-ലും 1973-ലും നടന്ന യുദ്ധത്തിന്റെ അവശിഷ്ടമാണ് ഇതെന്നാണ് കരുതുന്നത്. ഗൊലാൻ കുന്നുകളിൽ എവിടെയോ വീണ് പൊട്ടാതായിപ്പോയ ഈ ബോംബ് വിനോദ സഞ്ചാരികളുടെ കണ്ണിൽ പെടുകയും അത് അവർ എടുത്ത് സൂക്ഷിക്കുകയുമായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.

കാര്യം എന്തായാലും ഈ സംഭവം വിമാനത്താവളത്തിൽ ആകെ പരിഭ്രാന്തി പരത്തി. സാധാരണയായി, ഭീകരവാദികളുടെ ആക്രമണം ഉണ്ടാവുമ്ബോഴാണ് ഇത്തരം സൈറണുകൾ മുഴക്കാറുള്ളത്. അതിനാൽ, സൈറൺ മുഴങ്ങിയതോടെ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ ചിതറിയോടി. വിമാനത്താവളത്തിലുള്ള സുരക്ഷാ ബങ്കറുകളിലേക്കാണ് പലരും ഓടിയത്.

പരിഭ്രാന്തിക്കിടയിൽ ഒരു ബാഗേജിനു മുകളിലേക്ക് മറിഞ്ഞുവീണ് മുപ്പതുവയസ്സുള്ള ഒരാൾക്ക് ചെറിയ പരിക്കേറ്റതായി പൊലീസ് അറിയിച്ചു.ഫലസ്തീൻ സംഘടനകളുമായുള്ള സംഘർഷത്തെ തുടർന്ന് ഇസ്രായേൽ അതീവജാഗ്രതയിലാണ് പുലരുന്നത്.

ഇവിടെയുള്ള വിമാനത്താവളങ്ങളിലും മറ്റും അതീവസുരക്ഷയാണ് ഏർപ്പെടുത്താറുള്ളത്. ഏത് സമയത്തും ആക്രമണം ഉണ്ടാവാമെന്ന നിലയിൽ എല്ലായിടത്തും ബങ്കറുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലും മറ്റും ബോംബ് ഭീഷണികൾ ഉണ്ടാവുന്നതും ഇവിടെ പതിവാണ്.

You may also like

error: Content is protected !!
Join Our WhatsApp Group