ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന്റെ കാര്യത്തില്‍ മുട്ടയ്ക്ക് പകരക്കാരില്ല. പെട്ടെന്ന് തയ്യാറാക്കാം എന്നതും പോഷകഗുണങ്ങള്‍ ഏറെയാണെന്നതുമാണ് മുട്ടയെ പ്രിയപ്പെട്ടതാക്കുന്നത്.എന്നാല്‍ പലരിലും ഉള്ള ഒരു സംശയമാണ്, മുട്ട പുഴുങ്ങി കഴിക്കുന്നതാണോ അതോ ഓംലെറ്റ് ആയി കഴിക്കുന്നതാണോ കൂടുതല്‍ ഗുണകരം എന്നത്. പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും മസില് വളർത്താൻ നോക്കുന്നവരും ഈ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ നോക്കാം.
പ്രോട്ടീന്റെ അളവ്
ഒരു വലിയ മുട്ടയില്‍ ഏകദേശം 6 മുതല്‍ 6.3 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ട പുഴുങ്ങിയാലും ഓംലെറ്റ് ആക്കിയാലും ഇതിലെ പ്രോട്ടീന്റെ അളവില്‍ വലിയ മാറ്റം വരുന്നില്ല. എന്നാല്‍ ഓംലെറ്റില്‍ ചീസ്, പാല് എന്നിവ ചേർക്കുകയാണെങ്കില്‍ പ്രോട്ടീന്റെ അളവ് നേരിയ തോതില്‍ വർധിക്കാൻ സാധ്യതയുണ്ട്.
കാലറിയും കൊഴുപ്പും
ഇവിടെയാണ് പ്രധാന വ്യത്യാസം വരുന്നത്. പുഴുങ്ങിയ മുട്ടയില്‍ എണ്ണയോ വെണ്ണയോ ചേർക്കുന്നില്ല. അതിനാല്‍ കാലറി വളരെ കുറവാണ് (ഏകദേശം 70-80 കാലറി). കൊഴുപ്പ് കുറഞ്ഞ രീതിയില്‍ മുട്ട കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചത് ഇതാണ്. ഓംലെറ്റ് തയ്യാറാക്കാൻ എണ്ണയോ വെണ്ണയോ ഉപയോഗിക്കേണ്ടി വരും. ഒരു ടീസ്പൂണ്‍ എണ്ണ ചേർത്താല്‍ തന്നെ ഏകദേശം 40-50 അധിക കാലറി ശരീരത്തിലെത്തും. കൂടാതെ ചീസോ മറ്റ് സോസുകളോ ചേർത്താല്‍ കാലറി വീണ്ടും കൂടും.
ശരീര ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
നിങ്ങള്‍ കാലറി നിയന്ത്രിച്ചുകൊണ്ട് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ പുഴുങ്ങിയ മുട്ട തന്നെയാണ് ഉചിതം. ഇതില്‍ അധിക കൊഴുപ്പില്ലാത്തതിനാല്‍ ശരീരഭാരം കൂടില്ല. കൂടാതെ പുഴുങ്ങിയ മുട്ട കഴിക്കുന്നത് വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ഇടനേരങ്ങളിലെ വിശപ്പ് കുറയ്ക്കുകയും ചെയ്യും. എന്നാല്‍ ധാരാളം പച്ചക്കറികള്‍ (സവാള, തക്കാളി, ക്യാപ്സിക്കം) ചേർത്ത് കുറഞ്ഞ എണ്ണയില്‍ തയ്യാറാക്കുന്ന ഓംലെറ്റും ആരോഗ്യകരമാണ്. പച്ചക്കറികളിലെ നാരുകള്‍ ദഹനം സാവധാനത്തിലാക്കുകയും കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
പോഷകങ്ങള്‍
മുട്ടയില്‍ വൈറ്റമിൻ ബി12, വൈറ്റമിൻ ഡി, കോളിൻ തുടങ്ങിയ പോഷകങ്ങളുണ്ട്. മുട്ട പുഴുങ്ങുമ്പോള്‍ ഈ പോഷകങ്ങള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ ഓംലെറ്റ് അമിതമായി മൊരിച്ചെടുക്കുകയോ ഉയർന്ന ചൂടില്‍ പാകം ചെയ്യുകയോ ചെയ്താല്‍ ചില പോഷകങ്ങള്‍ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.ചുരുക്കത്തില്‍, വണ്ണം കുറയ്ക്കാൻ പുഴുങ്ങിയ മുട്ടയാണ് ഒന്നാമൻ. രുചിയും പോഷണവും ഒന്നിച്ച് കിട്ടാൻ എണ്ണ കുറച്ച് പച്ചക്കറികള്‍ ചേർത്ത ഓംലെറ്റ് കഴിക്കാം. നിങ്ങളുടെ ഡയറ്റില്‍ ഇവ രണ്ടും മാറി മാറി ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. മുട്ട എങ്ങനെ കഴിക്കുന്നു എന്നതിനേക്കാള്‍, അതിനൊപ്പം എണ്ണയും കൊഴുപ്പും എത്രത്തോളം ചേർക്കുന്നു എന്നതിലാണ് കാര്യം.