ബെംഗളൂരു: യുഎസില്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ആറ് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. 22 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കാലിഫോർണിയയില്‍ നിന്നാണ് കണ്ടെത്തിയത്.ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയില്‍ കെമിക്കല്‍ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിംഗ് പഠിക്കുകയായിരുന്നു സാകേത് ശ്രീനിവാസയ്യ. ഫെബ്രുവരി 9 നാണ് സാകേതിനെ കാണാതായത്. പോലീസ് മൃതദേഹം കണ്ടെടുത്തതായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു.മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നതായി കോണ്‍സുലേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.