ശക്തി പദ്ധതിയെ തുടർന്ന് സ്ത്രീ യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള പിങ്ക് ബസ് സർവിസുകള്‍ പുനരാരംഭിക്കുന്നത് പരിഗണനയിലെന്ന് ബി.എം.ടി.സി.തിരക്ക് നിയന്ത്രിക്കാൻ ഇത് ഗുണം ചെയ്യുമോയെന്ന് പരിശോധിച്ചുവരുകയാണെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. സ്ത്രീ യാത്രക്കാർ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. 2006ല്‍ ബി.എം.ടി.സി പിങ്ക് ബസുകള്‍ സർവിസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായതോടെ പിൻവലിക്കുകയായിരുന്നു. ശക്തി പദ്ധതി പ്രകാരം ഫെബ്രുവരി 10 വരെ 3599 കോടി രൂപയുടെ 150 കോടി സൗജന്യ ടിക്കറ്റുകളാണ് സ്ത്രീകള്‍ക്ക് നല്‍കിയത്.
പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് നീക്കം ചെയ്തത് രണ്ടുകിലോ ഭാരമുള്ള ഭീമൻ മുടിക്കെട്ട്
പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമൻ മുടിക്കെട്ട് നീക്കം ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു ഈ അത്യപൂർവ ശസ്ത്രക്രിയ. വിളർച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് സർജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്‍റെ പക്കല്‍ കുട്ടി എത്തിയത്. സ്കാനിങ് നടത്തിയപ്പോള്‍തന്നെ ട്രൈക്കോ ബിസയർ എന്ന രോഗാവസ്ഥയാണെന്ന് സംശയം തോന്നിയെങ്കിലും എൻഡോസ്കോപ്പിയിലൂടെയാണ് ഈ രോഗം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. അമിത ആകാംക്ഷയും അധിക സമ്മർദവുമുള്ള കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. പല കാലങ്ങളിലായി കടിക്കുകയും വിഴുങ്ങുകയും ചെയ്തിട്ടുള്ള തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാര അംശവുമായി ചേർന്ന് ഒരു ഭീമൻ ട്യൂമറായി മാറുകയാണ് ചെയ്യുക.
ഇത് ക്രമേണ ഭക്ഷണക്കുറവിലേക്കും വിളർച്ചയിലേക്കും തുടർന്ന് വളർച്ച മുരടിക്കുന്നതിലേക്കും നയിക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നതുവരെ ഈ രോഗത്തെക്കുറിച്ച് കുട്ടിക്കോ മാതാപിതാക്കള്‍ക്കോ ഒരു വിവരവും ഉണ്ടായിരുന്നില്ല. കുട്ടിയുടെ തലയില്‍ പലയിടങ്ങളിലായി മുടി കൊഴിഞ്ഞതിന്റെ ലക്ഷണമുണ്ട്. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുടി പുറത്തെടുത്തത്. മുടിക്കെട്ടിന് ഏകദേശം രണ്ട് കിലോയില്‍ കൂടുതല്‍ തൂക്കവും 30 സെന്റീമീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയും ഉണ്ടായിരുന്നു. ആമാശയത്തിന്റെ അതേ ആകൃതിയിലാണ് മുടിക്കെട്ട് ഉണ്ടായിരുന്നത്. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂർണ ആരോഗ്യവതിയായി ആശുപത്രിയില്‍ തുടരുന്നു. സർജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഡോ. വൈശാഖ്, ഡോ. ജെറി, ഡോ. ജിതിൻ, ഡോ. അഞ്ജലി, അനസ്തീഷ്യ വിഭാഗം പ്രഫ. ഡോ. അബ്ദുല്ലത്തീഫ്, ബ്രദർ ജറോം എന്നിവർ പങ്കെടുത്തു.