ബെംഗളൂരു • ബിഎംടിസിയിൽ ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം കൂടുതൽ ബസുകളിലേക്കു വ്യാപിപ്പിക്കുന്നു. എസി, നോൺ എസി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് കണ്ടക്ടറുടെ കൈവശമുള്ള ക്യുആർ കോഡ് കാർഡിൽ സ്കാൻ ചെയ്താൽ യുപിഐ ആപ് ഉപയോഗിച്ച് ടിക്കറ്റ് തുക നൽകാനാകും.
പേടിഎമ്മുമായി സഹകരിച്ചാണ് ക്യുആർ കോഡ് ടിക്കറ്റ് തുടങ്ങുന്നത്. 500 ബസുകളിൽ പേടി എം സ്പീക്കർ സംവിധാനം ഒരുക്കും. പണം നൽകിയതിന്റെ അനൗൺസ്മെന്റ് ഇതിലൂടെ കേൾക്കാം. പേടിഎമ്മിനു പുറമേ ഗൂഗിൾ പേ, ഫോൺപേ ആപ്പുകൾ ഉപയോഗിച്ചും പണം കൈമാറാം ടിക്കറ്റിന് പുറമേ പ്രതിദിന പാസിന്റെ തുകയും ക്യുആർ കോഡിലൂടെ അടയ്ക്കാം. രൂക്ഷമായ ചില്ലറ ക്ഷാമത്തിന് പരിഹാരമായാണ് ഡിജിറ്റൽ പണമിടപാട് വ്യാപകമാക്കു ന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ 2 വർഷം മുൻപ് ഐടി സോണുകളിലേക്കുള്ള എസി ബസുകളിൽ ക്യുആർ കോഡ് ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നെങ്കിലും കണ്ടക്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. ടിക്കറ്റ് തുക ബിഎംടിസി അക്കൗണ്ടുകളിലേക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങളാണ് തടസ്സമായി മാറിയത്.