ബെംഗളൂരു നമ്മ മെട്രോയിൽ തിരക്കേറിയ സാഹചര്യത്തിൽ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ കണ്ടെത്താനുള്ള സർവേ ബിഎംആർസി ആരംഭിച്ചു. യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് മെട്രോ യാത്ര കൂടുതൽ സുഖപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. മൊബിലിറ്റി അജണ്ട ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് സർവേ നടത്തുന്നത്. ആദ്യഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്.അടുത്ത മാസത്തോടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ബിഎംആർസിക്കു സമർപ്പിക്കും.
സ്റ്റേഷനുകളിലെ സുരക്ഷ, ശുചിമുറികൾ, പാർക്കിങ് സൗകര്യം എന്നിവ പരിശോധിക്കും. ഒപ്പം സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ നടപ്പാതകൾ, റോഡ് ക്രോസിങ്, തുടർയാത്ര സൗകര്യങ്ങൾ, സൈക്കിൾ ലൈൻ, ഓട്ടോ സ്റ്റാൻഡ്, ബസ് സ്റ്റോപ്, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ എന്നിവയും പരിശോധിക്കും. മെട്രോ സ്‌റ്റേഷനും പരിസരവും ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കുന്നതും സർവേയുടെ മറ്റൊരു ലക്ഷ്യമാണ്.
ഇലക്ട്രോണിക് സിറ്റി മെട്രോ വൈകിയേക്കും :നഗരത്തിന്റെ ഐടി ആസ്‌ഥാനമായ ഇലക്ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന ബൊമ്മസന്ദ്ര മുതൽ ആർവി റോഡ് വരെ 19.5 കിലോമീറ്റർ പാതയിൽ മെട്രോ സർവീസ് ആരംഭിക്കുന്നതു വൈകിയേക്കും. സ്‌റ്റേഷന്റെയും പാതയുടെയും നിർമാണം 99 ശതമാനവും പൂർത്തിയായി. ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പാതയിൽ ഓടിക്കാനുള്ള ട്രെയിനുകൾ ചൈനയിൽ നിന്നു കയറ്റി അയയ്ക്കാൻ വൈകിയതാണു തിരിച്ചടിയായത്. ചൈനീസ് സാങ്കേതിക വിദഗ്‌ധർക്കു വീസ ലഭിക്കുന്നതിനു കാലതാമസം വന്നതാണു കാരണം.
ജനുവരി പകുതിയോടെയാകും ട്രെയിനുകൾ ബിഎംആർസിക്കു ലഭിക്കുക. തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണത്തിനു 3 മാസത്തോളം വേണ്ടി വരും. ഇതു പൂർത്തിയാകുമ്പോഴേക്കും ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാനും സാധ്യതയുണ്ട്. ഇതോടെ സർവീസ് ആരംഭിക്കുന്നതു മേയിലേക്കു നീണ്ടേക്കും. 16 സ്റ്റേഷനുകളാണു പാതയിലുള്ളത്. ആർവി റോഡ്, റാഗിഗുഡ, ജയദേവ ഹോസ്‌പിറ്റൽ, ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുഡ ഗേറ്റ്, സിങ്ങസന്ദ്ര, ഹൊസ റോഡ്, ബരത്തന അഗ്രഹാര, കോനപ്പന അഗ്രഹാര, ഇലക്ട്രോണിക്സ് സിറ്റി, ഹുക്‌കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ.
മെട്രോ 35 മിനിറ്റ് നിർത്തിവച്ചു :സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് നമ്മ മെട്രോ യശ്വന്തപുര, നാഗസന്ദ്ര സ്റ്റേഷനുകൾക്കിടയിൽ 35 മിനിറ്റ് സർവീസ് നിർത്തിവച്ചു. ഇന്നലെ രാവിലെ 10.15 മുതൽ 10.50 വരെയാണ് സംഭവം. പീനിയ ഇൻഡസ്ട്രി സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്നു ബിഎംആർസി വിശദീകരിച്ചു. ഇതോടെ ഒരു മണിക്കൂറോളം പാതയിലെ സ്‌റ്റേഷനുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.