ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനായി ക്യുആർ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് സംവിധാനം മാസാവസാനത്തോടെ നടപ്പിലാക്കാൻ ബിഎംആർസി.പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ നടപടികൾ വിവിധ സ്റ്റേഷനുകളിൽ പുരോഗമിക്കുകയാണെന്നു ബിഎംആർസി ഉദ്യോഗസ്ഥർ അറിയിച്ചു.ബിഎംആർസിയുടെ മൊബൈൽ ആപ്ലിക്കേഷനായ നമ്മ മെട്രോയിലൂടെയാണ് ക്യൂആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കേണ്ടത്.
യാത്ര നടത്തേണ്ട സ്റ്റേഷനുകൾ തിരഞ്ഞെടുത്ത് ഓൺലൈനായി പണം അടയ്ക്കുന്ന യാത്രക്കാർക്ക് ആപ്പിൽ നിന്ന് ക്യുആർ കോഡ് ലഭിക്കും.ഈ ക്യുആർ കോഡ് മെട്രോ സ്റ്റേഷനിലെ ഗേറ്റുകളിൽ സ്കാൻ ചെയ്താണ് യാത്ര ചെയ്യേണ്ടത്. ടിക്കറ്റ് എടുക്കാനുള്ള സമയം ലാഭിക്കാൻ സംവിധാനം സഹായിക്കുമെന്ന് ബിഎം ആർസി എംഡി അൻജും പർവേസ് പറഞ്ഞു.നിലവിൽ ഭൂരിഭാഗം മെട്രോ സ്റ്റേഷനുകളിലും ടിക്കറ്റ് എടുക്കുന്നതിനായി രാവിലെയും വൈകിട്ടും അടക്കം നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.
15 മിനിറ്റ് വരെ ക്യൂവിൽ നിൽക്കേണ്ട അവസ്ഥയുണ്ട്.ബിഎംആർസി ജീവനക്കാരുടെ ക്ഷാമവും തീരുമാനത്തിന് കാരണമാണ്.മതിയായ ജീവനക്കാരില്ലാത്തതിനാൽ പല മെട്രോ സ്റ്റേഷനുകളിലും ടിക്കറ്റ് നൽകുന്നതിനായി കസ്റ്റമർ കെയർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും പതിവാണ്.