Home Featured ബ്ലാസ്റ്റേഴ്‌സ് പുറത്ത്; സമനിലയുമായി ബെംഗളൂരു സെമിയില്‍

ബ്ലാസ്റ്റേഴ്‌സ് പുറത്ത്; സമനിലയുമായി ബെംഗളൂരു സെമിയില്‍

കോഴിക്കോട്: സൂപ്പർ കപ്പിൽ എ ഗ്രൂപ്പിൽ നിന്ന് ബെംഗളൂരു എഫ്സി സെമിയിൽ. കേരള ബ്ലാസ്റ്റേഴ്സിനെതിരായ അവസാന ഗ്രൂപ്പ് മത്സരം സമനിലയിൽ കലാശിക്കുകയും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ശ്രീനിഥി ഡെക്കാൺ, റൗണ്ട്ഗ്ലാസ് പഞ്ചാബിനോട് തോൽവി (0-1) വഴങ്ങുകയും ചെയ്തതോടെയാണ് ബെംഗളൂരു സെമിയിലേക്ക് മുന്നേറിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയന്റുമായാണ് ബെംഗളൂരു സെമിയിലെത്തിയത്. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം 1-1ന് സമനിലയിൽ കലാശിക്കുകയായിരുന്നു.

ബെംഗളൂരുവിനായി റോയ് കൃഷ്ണയും ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയാസ് ഡിയാമാന്റക്കോസും ഗോളുകൾ നേടി.ശ്രീനിഥി ഡെക്കാണെതിരേ പരാജയപ്പെട്ട കഴിഞ്ഞ മത്സരത്തിൽ നിന്ന് ആറ് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെതിരായ നിർണായക മത്സരത്തിന് ടീമിനെ ഇറക്കിയത്. ഹോർമിപാം, ആയുഷ് അധികാരി, ജീക്സൺ സിങ്, ബിദ്യാസാഗർ സിങ്, ബ്രൈസ് മിറാൻഡ, ടീം വിട്ട ഇവാൻ കലിയുഷ്നി എന്നിവർക്ക് പകരം മുഹമ്മദ് സഹീഫ്, ഡാനിഷ് ഫറൂഖ്, വിക്ടർ മോംഗിൽ, സൗരവ് മണ്ഡൽ, വിബിൻ മോഹനൻ, അപ്പോസ്തൊലോസ് ജിയാനു എന്നിവർ ടീമിലെത്തി.

ബെംഗളൂരു രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. പരാഗ് സതീഷ്, ശിവ ശക്തി എന്നിവർക്ക് പകരം ഉദാന്ത സിങ്ങും റോയ് കൃഷ്ണയും ആദ്യ ഇലവനിലെത്തി.കളിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. 12-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മത്സരത്തിലെ ആദ്യ മികച്ച അവസരവും ലഭിച്ചു. ജിയാനു നൽകിയ ത്രൂ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കയറി സൗരവ് മണ്ഡൽ നൽകിയ ക്രോസ് പക്ഷേ രാഹുലിന് കൃത്യമായി കണക്ട് ചെയ്യാനായില്ല.പിന്നാലെ ബ്ലാസ്റ്റേഴ്സ് പതിയെ കളിയിൽ പിടിമുറുക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഗാലറിയെ നിശബ്ദമാക്കി ബെംഗളൂരുവിന്റെ ഗോളെത്തി.

23-ാം മിനിറ്റിൽ ജാവിയർ ഹെർണാണ്ടസ് നൽകിയ ത്രൂ ബോൾ സ്വീകരിച്ച് മുന്നേറിയ റോയ് കൃഷ്ണയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് തട്ടിയെങ്കിലും കാര്യമുണ്ടായില്ല. റീബൗണ്ട് വീണ്ടും കാലിൽ കിട്ടിയ കൃഷ്ണയ്ക്ക് പന്ത് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം തട്ടിയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഓടിയെത്തിയ വിക്ടർ മോംഗിൽ ഗോൾലൈൻ സേവിന് ശ്രമിച്ചെങ്കിലും പന്ത് മോംഗിലിന്റെ കാലിൽ തട്ടി വലയിലെത്തി.

34-ാം മിനിറ്റിൽ ബെംഗളൂരുവിന് മറ്റൊരു അവസരം ലഭിച്ചു. ബോക്സിൽ നിന്ന് സുനിൽ ഛേത്രി കട്ട് ബാക്ക് ചെയ്ത് നൽകിയ പന്തിൽ നിന്നുള്ള രോഹിത് കുമാറിന്റെ വോളി വിക്ടർ മോംഗിൽ തടഞ്ഞിട്ടു.തുടർന്ന് ആദ്യ പകുതിയുടെ അധികസമയത്തും ബെംഗളൂരു ഗോളിനടുത്തെത്തി. റോയ് കൃഷ്ണ ക്രോസ് ചെയ്ത് നൽകിയ പന്ത് സ്വീകരിച്ച ഉദാന്ത സിങ് മുന്നേറാൻ ഇടമുണ്ടായിട്ടും പന്ത് റോഷൻ സിങ്ങിന് നീട്ടുകയായിരുന്നു, പക്ഷേ റോഷന് പന്ത് പൂർണമായും നഷ്ടമായി.

പിന്നാലെ ബ്ലാസ്റ്റേഴ്സ് താരം വിബിന്റെ ഷോട്ട് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റി.ഒരു ഗോൾ പിന്നിലായ ശേഷം രണ്ടാം പകുതിക്കിറങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ തന്നെ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു. 48-ാം മിനിറ്റിൽ സൗരവ് മണ്ഡലിന്റെ ഷോട്ട് കൃത്യസമയത്ത് ബെംഗളൂരു താരം ബ്രൂണോ റാമിറസ് തടഞ്ഞു. പിന്നാലെ 49-ാം മിനിറ്റിൽ ഡിയാമന്റക്കോസിന്റെ കിടിലൻ ഫ്രീകിക്ക് ഗുർപ്രീത് അവിശ്വസനീയമായി തട്ടിയകറ്റി.

തുടർന്ന് നിഷുകുമാറിനും രാഹുലിനും ലഭിച്ച അവസരങ്ങൾ മുതലാക്കാനായില്ല.ഒടുവിൽ 77-ാം മിനിറ്റിൽ ഗാലറിയെ പ്രകമ്പനം കൊള്ളിച്ച് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോളെത്തി. വലതുവിങ്ങിൽ നിന്ന് ഹോർമിപാം നൽകിയ ക്രോസ് ക്ലിയർ ചെയ്യാനുള്ള റോഷൻ സിങ്ങിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. റോഷൻ ഹെഡ് ചെയ്ത് ഒഴിവാക്കാൻ നോക്കിയ പന്ത് നേരേ ചെന്നത് ബോകിലുണ്ടായിരുന്ന ഡിയാമാന്റക്കോസിന്റെ തലപ്പാകത്തിന്. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.പിന്നാലെ വിജയ ഗോളിനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

ഈ വർഷത്തെ ചൂട് അസ്വാഭാവികം, കേരളത്തിൽ താപതരംഗം സംഭവിച്ചു കഴിഞ്ഞു’ രാജഗോപാൽ കമ്മത്ത്

കൊച്ചി: കേരളത്തിൽ താപതരംഗം സംഭവിച്ചു കഴിഞ്ഞുവെന്ന് ശാസ്ത്ര ലേഖകൻ രാജഗോപാൽ കമ്മത്ത്. ഈ വർഷത്തെ ചൂട് അസ്വാഭാവികം ആണെന്നും കഴിഞ്ഞ ദശകത്തിലേക്കാൾ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും രാജഗോപാൽ കമ്മത്ത് പറഞ്ഞു. നിലവിൽ നാല് സംസ്ഥാനങ്ങളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് താപതരംഗം പ്രഖ്യാപിച്ചിരിക്കുന്നത്.പക്ഷേ ഇന്ത്യയിലെ ഓരോ സംസ്ഥാനവും ഭൂപ്രകൃതി കൊണ്ട് വ്യത്യസ്തമാണ്. താപതരംഗം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നിലവിലെ സംസ്ഥാനങ്ങളേക്കാൾ വ്യത്യസ്തമായ റിലേറ്റിവ് ഹ്യുമിഡിറ്റിയാണ് കേരളത്തിലുള്ളത്.

ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനിലെ ഡേറ്റ പരിശോധിച്ചാൽ മിക്ക ഇടങ്ങളിൽ 95- 100% റിലേറ്റീവ് ഹ്യുമിഡിറ്റി സംഭവിച്ചതായി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ നാം അനുഭവിക്കുന്ന ചൂട് വളരെ അധികമാണ്.മലയോര മേഖലകളിലും തീര പ്രദേശങ്ങളിലും നിശ്ചിത താപനിലയിൽ കൂടിയാൽ താപതരംഗം പ്രഖ്യാപിക്കാം എന്നതാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നയം. എന്നാൽ അത് അപര്യാപ്തമാണ്. മാറി വരുന്ന സാഹചര്യങ്ങളിൽ താപ തരംഗത്തിന്റെ നിർവചനം തന്നെ മാറ്റേണ്ട അവസ്ഥയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി താപതരംഗം മൂലമുള്ള ശാരീരിക പ്രശ്‌നങ്ങൾ പലരും അനുഭവിക്കുന്നുണ്ട്.കഴിഞ്ഞ രണ്ട് ദിവസത്തോടെ തന്നെ കേരളത്തിൽ താപതരംഗം സംഭവിച്ചു കഴിഞ്ഞു എന്ന് രാജഗോപാൽ കമ്മത്ത് പറഞ്ഞു. അടുത്ത മൂന്ന് വർഷം അത് പോലെയോ, ഇതിൽ തീവ്രമോ ആയ ചൂടോ ആകും ഇനി അനുഭവപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ താപതരംഗം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അടുത്ത ദിവസങ്ങൾ സൂക്ഷിക്കേണ്ടതാണെന്നും രാജഗോപാൽ കമ്മത്ത് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group