Home Featured മോർബിയിൽ ബി.ജെ.പി വിജയിച്ചത് ഇങ്ങിനെ; ഇത്തവണ പുതിയൊരു ‘ഗുജറാത്ത് മോഡൽ’

മോർബിയിൽ ബി.ജെ.പി വിജയിച്ചത് ഇങ്ങിനെ; ഇത്തവണ പുതിയൊരു ‘ഗുജറാത്ത് മോഡൽ’

2022 നവംബർ നാലിന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് അഞ്ചു ദിവസം മുമ്ബാണ് രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യ ദുരന്തങ്ങളിലൊന്ന് ഗുജറാത്തിൽ സംഭവിച്ചത്.മോർബിയിലെ തൂക്കുപാല ദുരന്തമായിരുന്നു അത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 135 പേരുടെ മരണത്തിന് ഇടയാക്കിയ മോർബി ദുരന്തം ഗുജറാത്തിൽ ബി.ജെ.പിക്ക് തിരിച്ചടി ആകേണ്ടതായിരുന്നു. എന്നാൽ ഈ ദുരന്തം സംസ്ഥാനതലത്തിൽ ചർച്ചയായില്ലെന്ന് മാത്രമല്ല അപകടം നടന്ന മോർബി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി വിജയിക്കുന്നതുമാണ് നാംതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾകാണുന്നത്.

മോർബി മോഡൽ:ബി.ജെ.പി സ്ഥാനാർഥി കാന്തിലാൽ അമൃതീയ ആണ് മോർബി മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കാന്തിലാൽ അമൃതീയ മണ്ഡലത്തിലെ അറിയപ്പെടുന്ന ബി.ജെ.പി നേതാവാണ്. 1995, 1998, 2002, 2007, 2012 നിയമസഭ തെരെഞ്ഞെടുപ്പുകളിൽ മോർബി നിയമസഭ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് കാന്തിലാൽ ആയിരുന്നു. 2017 ലും വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ കാന്തിലാൽ അമൃതീയ പക്ഷേ കോൺഗ്രസ് സ്ഥാനാർഥി ബ്രിജേഷ് മെർജയോട് തോറ്റു. ബ്രിജേഷ് മെർജയാകട്ടെ 2019 ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു തൊഴിൽ, പഞ്ചായത്ത് മന്ത്രിയായി. ഇതോടെ കാന്തിലാൽ അമൃതീയയുടെ സാധ്യത അടഞ്ഞു. ബ്രിജേഷ് മെർജ വീണ്ടും മോർബി മണ്ഡലത്തിൽ സീറ്റ് ഉറപ്പിച്ചു നിൽക്കെയാണ് മോർബിയിലെ നദിയ്ക്ക് കുറുകെയുള്ള പാലം തകർന്നു വീണു വൻ ദുരന്തം ഉണ്ടാകുന്നത്.

ലൈഫ് ജാക്കറ്റ് പ്രകടനം:മോർബി അപകടം നടന്നപ്പോൾ ലൈഫ് ജാക്കറ്റുമിട്ട് കാന്തിലാൽ അമൃതീയ രക്ഷപ്രവർത്തനത്തിനായി നദിയിലേക്ക് ഇറങ്ങി. അമൃതീയയുടെ ഈ വീഡിയോകളും ഫോട്ടോകളും നവമാധ്യമങ്ങളിൽ നിറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷയെയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും ടാഗ് ചെയ്ത് വീഡിയോ അമൃതീയ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. താൻ സ്ഥലത്തുണ്ടെന്നും അപകടത്തിൽപ്പെട്ടവരെരക്ഷപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അമൃതീയ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.

സിറ്റിങ് എം.എൽ.എ പുറത്ത്: അപകടത്തിന്റെ നടുക്കം മാറും മുൻപേ നവംബർ പത്തിനു ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നു. 160 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയിൽ മോർബിയും ഉണ്ടായിരുന്നു. 38 സിറ്റിങ് എം.എൽ.എമാരെ മാറ്റിയപ്പോൾ മോർബിയിൽ സീറ്റ് ഉറപ്പിച്ച മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ ബ്രിജേഷ് മെർജയും പട്ടികയ്ക്ക് പുറത്തായി.

അതുവരെ പരിഗണനയിൽ പോലും ഉണ്ടാകാതിരുന്ന കാന്തിലാൽ അമൃതീയ രക്ഷപ്രവർത്തനത്തിൽ പങ്കാളിയായി എന്ന ഒറ്റകാരണം കൊണ്ടു പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. മോർബി ദുരന്തം തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണ്ടാക്കുമായിരുന്ന തിരിച്ചടി മുന്നിൽ കണ്ടായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കം.

മോർബിയിലെ രക്ഷപ്രവർത്തകന് ഒരു വോട്ട്എന്നതായിരുന്നു മണ്ഡലത്തിൽ ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം. അമൃതീയയുടെ സ്ഥാനാർഥിത്വം ബി.ജെ.പിയ്ക്ക് ഗുണം ചെയ്തു. കോൺഗ്രസ് സ്ഥാനാർഥി ജയന്തിലാൽ പട്ടേലിനെയും ആംആദ്മി പാർട്ടിയുടെ പങ്കജ് ജയന്തിലാലിനെയും ബഹുദൂരം പിന്നിലാക്കി അമൃതീയ വലിയ വിജയം നേടി.

കാന്തിലാലിന്റെ രക്ഷാപ്രവർത്തനം തട്ടിപ്പോ?കാന്തിലാൽ അമൃതീയ നടത്തിയ രക്ഷാപ്രവർത്തന നാടകം തട്ടിപ്പാണെന്ന ആരോപണംഉന്നയിക്കുന്നവരും ഉണ്ട് എന്നതാണ് രസകരമായകാര്യം. മോർബി ദുരന്ത സമയത്ത് ഇദ്ദേഹം പങ്കുവച്ച വിഡിയോയിൽ ഒരുവശത്തുകൂടി ആളുകൾ നടന്നുപോകുന്നത് കാണാമായിരുന്നു.

നടന്നുപോകാൻ തക്കവണ്ണം ആഴമുള്ള ഇടത്ത് ലൈഫ് ജാക്കറ്റുമിട്ട് തുഴഞ്ഞുപോയ കാന്തിലാൽ അവസാനം എം.എൽ.എ സീറ്റ് അടിച്ചെടുക്കുന്ന കാഴ്ച്ചയാണ് കണ്ടെതെന്ന് വിമർശകർ പറയുന്നു. വിഡിയോയ്ക്ക് താഴെ പരിഹാസവുമായി അന്നുതന്നെ നിരവധിപേർ വന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group