Home Featured നവോത്ഥാന നായകരെ സിലബസിൽ നിന്നൊഴിവാക്കിയ സംഭവം: കർണാടകയിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസും ബില്ലവ സമുദായവും

നവോത്ഥാന നായകരെ സിലബസിൽ നിന്നൊഴിവാക്കിയ സംഭവം: കർണാടകയിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസും ബില്ലവ സമുദായവും

ബെംഗളൂരു: ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകൻമാരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയതിന് എതിരെ കർണാടകയിൽ കോൺഗ്രസ് പ്രതിഷേധം. കാവിവത്കരണം ആരോപിച്ച് വിധാൻസൗധയിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു. നവോത്ഥാന നായകരെ മാറ്റിനിർത്തി രാജ്യത്തിൻ്റെ ചരിത്രം തിരുത്താനാണ് ബിജെപിയുടെ ശ്രമമെന്ന് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കർണാടക പ്രതിപക്ഷ നേതാവ് ഡി.കെ.ശിവകുമാർ പറഞ്ഞു. കർണാടകയിലെ വിവിധയിടങ്ങളിൽ കാക്കി നിക്കർ കത്തിച്ചു NSUl പ്രതിഷേധത്തിൻ്റെ ഭാഗമായി. 

കര്‍ണാടകയിലെ പത്താം ക്ലാസ് പുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും തന്തൈ പെരിയാറിനെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സിലബസ് പരിഷ്കരണ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ശിവിഗിരി തീര്‍ത്ഥാടനത്തിനിടെ ഗുരുവിനെ വാഴ്ത്തിയ മോദിയുടെ പ്രസംഗം നാടകമാണെന്ന് തെളിഞ്ഞെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ബില്ലവ വിഭാഗങ്ങള്‍ വ്യക്തമാക്കി.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞ ഗുരു , ജാതിവിവേചനത്തിനെതിരായ പോരാട്ട മുഖം പെരിയാര്‍ രാമസ്വാമി നായ്ക്കര്‍..ഇരുവരെയും കുറിച്ചുള്ള മുഴുവന്‍ ഭാഗങ്ങളും പത്താം ക്ലാസ് സാമൂഹ്യപാഠപുസ്തകത്തിൽ നിന്നും കർണാടക വിദ്യാഭ്യാസവകുപ്പ്  പിന്‍വലിച്ചിരുന്നു. 

നാരാണയഗുരുവിനും പെരിയാർ രാമസ്വാമിക്കും പകരം ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്‍റെ പ്രസംഗമാണ് സിലബസിൽ ഉള്‍ക്കൊള്ളിച്ചത്. സാമൂഹിക പരിഷ്കര്‍ത്താക്കളും നവോത്ഥാനപ്രസ്താനങ്ങളും എന്ന പാഠഭാഗത്തിലാണ് മാറ്റം വരുത്തിയത്. ടിപ്പുവിനെക്കുറിച്ചും ഭഗത് സിങ്ങിനെയും കുറിച്ചുള്ള ഭാഗങ്ങള്‍ നേരത്തെ വെട്ടിചുരുക്കിയിരുന്നു. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തില്‍ ശ്രീനാരായണ ഗുരുവിനെകുറിച്ച് ചെറിയ ഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അപ്പോഴും അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പൊരുതിയ ഭാഷാപണ്ഡിതന്‍ തന്തൈ പെരിയാറിനെകുറിച്ച് ഒരു വരി പോലും ചരിത്രപഠനത്തിന്‍റെ ഭാഗമായില്ല. രാജാ റാം മോഹന്‍ റോയ്, ദയാനന്ദ സരസ്വതി, രാമ കൃഷ്ണ പരമഹംസന്‍, വിവേകാനന്ദന്‍ , ആനി ബസന്‍റു, സയിദ് അഹമ്മദ് ഖാന്‍ എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങള്‍ക്ക് മാറ്റമില്ല. പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.

പുതിയ സിലബസ് അനുസരിച്ചുള്ള പുസ്തകം ഉടന്‍ അച്ചടിക്കും.കര്‍ണാടകയുടെ തീരദേശ, മലനാട് മേഖലകളില്‍ ഗുരുവിന്‍റെ ആശയങ്ങള്‍ പിന്തുടരുന്ന ബില്ലവ വിഭാഗം ശക്തമാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബില്ലവ വിഭാഗങ്ങളുടെ തീരുമാനം. റിപ്പബ്ലിക്ക് ദിനത്തില്‍ ഗുരുവിനെ ഉള്‍പ്പെടുത്തിയ കേരളത്തിന്‍റെ ടാബ്ലോ ഒഴിവാക്കിയതിനെതിരെ ബില്ലവ വിഭാഗങ്ങള്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു. ബിജെപിയുടെ സ്ഥാപിത താല്‍പ്പര്യങ്ങളാണ്  ഇതിനൊക്കെ പിന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group