ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ബസവരാജ് ബൊമ്മെ തന്നെ കർണാടക മുഖ്യമന്ത്രിയായി തുടരുമെന്നും നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ബിജെപി നിർവാഹക സമിതി യോഗം അറിയിച്ചു. യോഗത്തിൽ പങ്കെടുക്കാതെ മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ ദുബായ്ക്കു പോയത് പടലപ്പിണക്കത്തിന്റെ തുടർച്ചയാണെന്ന ആരോപണങ്ങളും തള്ളി, മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ വിജയേന്ദ്രയുമൊത്തുള്ള യെഡിയൂരപ്പയുടെ യാത്രയ്ക്ക് മറ്റ് അർഥങ്ങൾ കാണേണ്ടെന്നും വർഷാന്ത്യങ്ങളിൽ അദ്ദേഹം വിദേശയാത്ര നടത്താറുണ്ടെന്നും നേതാക്കൾ പറയുന്നു.
അതേസമയം, ബൊമ്മയ്ക്കു വേണ്ടി മുഖ്യമന്ത്രിപദം രാജി വയ്ക്കുമ്പോൾ വിജയേന്ദ്രയെ മന്ത്രിയാക്കണമെന്നു യെഡിയൂരപ്പ ആവശ്യപ്പെട്ടെങ്കിലും പാർട്ടി ഗൗനിക്കാത്തതാണു വിട്ടുനിൽക്കാനുള്ള കാരണമെന്നു റിപ്പോർട്ടുകളുണ്ട്. സംസ്ഥാന പര്യടനം നടത്താൻ 2 വട്ടം തയാറെടുത്തെങ്കിലും കേന്ദ്രനേതൃത്വം വിലക്കിയതും യെഡിയൂരപ്പയെ ചൊടിപ്പിച്ചിരുന്നു.