ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പു തയാറെടുപ്പുകളുടെ ഭാഗമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലും നയിക്കുന്ന ജനോത്സവ പര്യടന റാലികൾ സെപ്റ്റംബർ ആദ്യവാരം ആരംഭിക്കും. നേരത്തെ ഈ മാസം 28ന് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.30നു നടക്കുന്ന ഗണേശ ചതുർഥിയെ തുടർന്ന് ഇതു നീട്ടാൻ ഇന്നലെ നടന്ന സംസ്ഥാന ബിജെപി ഭാരവാഹികളുടെ യോഗം തീരുമാനമെടുത്തു.
സെപ്റ്റംബർ 10നും 11നും സംസ്ഥാന നിർവാഹക സമിതി ചേരാനും ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.ബിജെപി പാർലമെന്ററി ബോർഡ് അംഗങ്ങളായ യെഡിയുരപ്പ, ബി.എൽ സന്തോഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ആദ്യഘട്ട റാലി 50 മണ്ഡലങ്ങളിൽ
ആദ്യഘട്ടത്തിൽ ഒരു മാസം കൊണ്ട് സംസ്ഥാനത്തെ 50 നിയമ സഭാ മണ്ഡലങ്ങളിൽ പര്യടനം നടത്താനാണ് ലക്ഷ്യമിടുന്നത്. റാലികൾ ബെംഗളൂരുവിനെ കൂടാതെ ഹുബ്ബള്ളി, മംഗളൂരു, ദൊഡ്ഡബെല്ലാപുര, ശിവമൊഗ്ഗ, കല്യാണ കർണാടക മേഖലകളിൽ ആദ്യഘട്ട റാലികൾ നടക്കും. ഒരു ദിവസം 2 മണ്ഡലങ്ങളിലൂടെ കടന്നുപോകും വിധമാണ് റാലികൾ ക്രമീകരിച്ചിരിക്കുന്നത്. പൊതു യോഗങ്ങളും ആരാധനാലയ സന്ദർശനവുമൊക്കെ ഇതിന്റെ ഭാഗമായിരിക്കും.