ബംഗളൂരു: ബി.ജെ.പി എം.എല്‍.എമാരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുപോയാല്‍ തക്ക തിരിച്ചടി നല്‍കുമെന്ന ഭീഷണിയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവി. നിയമസഭയില്‍ പൂര്‍ണ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് നല്ല ഭരണം കാഴ്ചവെക്കാനാണ് ശ്രമിക്കേണ്ടതെന്നും മറ്റ് അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുതെന്നും സി.ടി. രവി മുന്നറിയിപ്പ് നല്കി. കോണ്‍ഗ്രസുകാരോട് ഞാൻ ചിലത് പറയാൻ ആഗ്രഹിക്കുന്നു. നിങ്ങള്‍ തെരഞ്ഞെടുപ്പ് ജയിച്ചു. 135 സീറ്റ് നേടി. സ്വതന്ത്രരുടെ പിന്തുണയും ലഭിച്ചു. അതിനാല്‍ നല്ല ഭരണം കാഴ്ചവെക്കാൻ ശ്രമിക്കുക. അതില്‍ കവിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ പിന്നെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. അതിന്റെ അനന്തരഫലത്തെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായറിയാവുന്നതാണ്” -സി.ടി. രവി പറഞ്ഞു.
മതിയായ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് കൂടുതല്‍ കളിച്ചാല്‍ സാഹചര്യം മോശമാകും. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. 2018ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 104 സീറ്റ് ലഭിച്ചിരുന്നു. ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസും ജെ.ഡി-എസും ചേര്‍ന്ന് സഖ്യം തീര്‍ത്ത് ബി.ജെ.പിയെ മാറ്റിനിര്‍ത്തി. മൂന്നുമാസത്തിനകം സഖ്യത്തില്‍ കാര്യങ്ങള്‍ വഷളായി. ഒന്നിച്ചു മത്സരിച്ചിട്ടും അവര്‍ക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങേണ്ടി വന്നു.
സഖ്യഭരണത്തിന് കീഴില്‍ അനിശ്ചിതത്വവും അരാജകത്വവും നിലനില്‍ക്കുന്നുണ്ടായിരുന്നു. കോണ്‍ഗ്രസിലെയും ജെ.ഡി-എസിലെയും ചില എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയാണ് സുരക്ഷിതമെന്ന് തോന്നി. അങ്ങനെ അവര്‍ ബി.ജെ.പിയിലേക്ക് വന്നു. എന്നാല്‍, ഇപ്പോള്‍ അത്തരമൊരു രാഷ്ട്രീയ സാഹചര്യമില്ലെന്നും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും സി.ടി. രവി പറഞ്ഞു. ആരും ബി.ജെ.പി വിട്ട് പോകുമെന്ന് കരുതുന്നില്ല. ഇനി കോണ്‍ഗ്രസ് അതിരുകടന്ന് വല്ലതും ചെയ്താല്‍ ബി.ജെ.പിയെ സംരക്ഷിക്കാനും രാഷ്ട്രീയമായി പ്രതികരിക്കാനും ഞങ്ങള്‍ക്കറിയാം -രവി കൂട്ടിച്ചേര്‍ത്തു. ഏതാനും ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കാറാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സി.ടി. രവിയുടെ പ്രതികരണം.
2019ല്‍ കോണ്‍ഗ്രസ്-ജെ.ഡി-എസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തിയ ബി.ജെ.പിയുടെ ഓപറേഷൻ താമരയില്‍ കോണ്‍ഗ്രസില്‍നിന്നും ജെ.ഡി-എസില്‍നിന്നും രാജിവെച്ച് ബി.ജെ.പിയിലേക്കെത്തിയ എം.എല്‍.എമാരില്‍ ചിലരും ഇക്കൂട്ടത്തിലുണ്ട്. പല പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസില്‍ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ട് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാര്‍ പ്രസ്താവിച്ചിരുന്നു.
നേതൃപ്രതിസന്ധിയില്‍ ഉഴലുന്ന ബി.ജെ.പിയില്‍നിന്നും ജെ.ഡി-എസില്‍നിന്നും ചില നേതാക്കള്‍ ശിവകുമാറുമായി ബന്ധം പുലര്‍ത്തുന്നതായാണ് വിവരം. മുൻ എം.പിയും ജെ.ഡി-എസ് നേതാവുമായ ആയന്നൂര്‍ മഞ്ജുനാഥ് ഞായറാഴ്ച ബംഗളൂരുവിലെ ശിവകുമാറിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.