ബെംഗളൂരു : സ്‌കൂളിൽ വിദ്യാർഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിപ്പിക്കുന്നത് തെറ്റായ കാര്യമല്ലെന്ന് മുതിർന്ന ബി.ജെ.പി. എം.പി. ഗോവിന്ദ് കർജോൾ. ചിത്രദുർഗയിൽനിന്നുള്ള ലോക്സഭാംഗമായ അദ്ദേഹം ദേശീയ അധ്യാപക ദിനാഘോഷച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചർച്ചയായി. വിദ്യാർഥികൾ ശൗചാലയം വൃത്തിയാക്കുന്നതിൽ എന്താണ് തെറ്റെന്നും ജപ്പാനിലെ വിദ്യാർഥികൾ അങ്ങനെ ചെയ്യുന്നുണ്ടെന്നും കർജോൾ പറഞ്ഞു. പഠന കാലത്ത് താൻ ഹോസ്റ്റൽ അടിച്ചുവാരി വൃത്തിയാക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ കൈയിൽ ചൂൽ കൊടുക്കുന്നത് കുറ്റകൃത്യമായാണ് ഇപ്പോൾ കാണുന്നത്.
ശുചീകരണം ഒരു മോശം പ്രവൃത്തിയാണെന്ന് കുട്ടികൾക്ക് തോന്നാൻ ഇതിടയാക്കും. ഇതിന് പകരം ശുചീകരണത്തിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കുട്ടികളെക്കൊണ്ട് പല സ്‌കൂളുകളിലും ശൗചാലയം വൃത്തിയാക്കിക്കുന്നതിന്റെ വീഡിയോകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട് ബന്ധപ്പെട്ട അധ്യാപകരുടെ പേരിൽ വിദ്യാഭ്യാസവകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. കുട്ടികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ബി.ജെ.പി. എം.പി. വ്യത്യസ്‌തമായ അഭിപ്രായം പ്രകടിപ്പിച്ചത്. മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമാണ് ഗോവിന്ദ് കർജോൾ.
വീണ്ടും ജീവനെടുത്ത് റംബൂട്ടാൻ: കുരു തൊണ്ടയില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു
റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു. പെരുമ്ബാവൂർ കണ്ടന്തറ ചിറയത്ത് വീട്ടില്‍ മൻസൂറിന്‍റെ മകള്‍ നൂറ ഫാത്തിമ ആണ് മരിച്ചത്.റംബൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ടന്തറ ഹിദായത്തുല്‍ ഇസ്‍ലാം സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍: ബീമ ഫാത്തിമ, ഐസ ഫാത്തിമ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.രണ്ടാഴ്ച മുൻപാണ് കോട്ടയം മീനച്ചില്‍ മരുതൂർ സ്വദേശികളായ സുനില്‍ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥ് (എട്ടുമാസം) സമാനരീതിയില്‍ മരിച്ചത്. റമ്ബൂട്ടാൻ പഴം പൊളിച്ച് നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.