Home Featured കര്‍ണാടക:ശിരോവസ്ത്രം ധരിച്ചവരും മാധ്യമപ്രവര്‍ത്തകരും ഉഡുപി ഗവ: പിയു വനിത കോളജില്‍ പ്രവേശിക്കരുതെന്ന് ബിജെപി എംഎല്‍എ

കര്‍ണാടക:ശിരോവസ്ത്രം ധരിച്ചവരും മാധ്യമപ്രവര്‍ത്തകരും ഉഡുപി ഗവ: പിയു വനിത കോളജില്‍ പ്രവേശിക്കരുതെന്ന് ബിജെപി എംഎല്‍എ

മംഗളൂരു: ഉഡുപി ഗവ. വനിത പി യു കോളജ് ക്യാംപസില്‍ ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ചൊവ്വാഴ്ച മുതല്‍ പ്രവേശനം അനുവദിക്കില്ലെന്ന് ഉഡുപി എംഎല്‍എയും ബിജെപി നേതാവുമായ കെ രഘുപതി ഭട്ട് പറഞ്ഞു. തിങ്കളാഴ്ച പ്രശ്‌നം ചര്‍ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോളജ് വികസന സമിതി ചെയര്‍മാന്‍ കൂടിയായ ഭട്ട്.

ഹിജാബ് ധരിച്ച്‌ ക്ലാസില്‍ പ്രവേശിക്കുക എന്നത് അനുവദിക്കാനേ കഴിയില്ലെന്ന് എംഎല്‍എ പറഞ്ഞു. സര്‍ക്കാറിന്റേയും കോളജ് കമ്മിറ്റിയുടേയും തീരുമാനമാണ്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ഥിനികളുടെ ഉമ്മമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഹിജാബിന്റെ പേരില്‍ സമരം ചെയ്യാനാണ് ഭാവമെങ്കില്‍ അവരെ ക്യാംപസില്‍ കടത്തില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടാണെങ്കില്‍ മാധ്യമപ്രവര്‍ത്തകരേയും സംഘടനകളേയും ക്യാംപസില്‍ പ്രവേശിപ്പിക്കില്ലെന്നും ഭട്ട് പറഞ്ഞു.

എട്ടു വിദ്യാര്‍ഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ട റിപോര്‍ട് തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിവരശേഖരം നടത്തുന്നതിനിടെയാണ് എംഎല്‍എ യോഗം വിളിച്ചത്. മനുഷ്യാവകാശ, വിദ്യാഭ്യാസ അവകാശ ലംഘനങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നതെന്ന് ലഭിച്ച പരാതിയില്‍ നിന്ന് മനസിലാവുന്നതായി നിരീക്ഷിച്ചാണ് റിപോര്‍ട് സമര്‍പിക്കാന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉഡുപി ജില്ല ഡെപ്യൂടി കമീഷനര്‍ (കലക്ടര്‍) എന്നിവര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കിയത്. കലബുറുഗിയിലെ മുഹമ്മദ് റിയാസുദ്ദീന്റേതാണ് പരാതി.

ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം 27 മുതല്‍ രണ്ടാം വര്‍ഷക്കാരായ ആറും ഒന്നാം വര്‍ഷ ക്ലാസുകളിലെ രണ്ടും കുട്ടികള്‍ ക്ലാസിന് പുറത്താണ്. വരാന്തയില്‍ ഇരുന്ന് ക്ലാസുകള്‍ ശ്രദ്ധിച്ചും സഹപാഠികളുടെ നോട്‌സ് വാങ്ങി പകര്‍ത്തിയുമാണ് കുട്ടികള്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ വരാന്ത പഠനം വിലക്കിയ കോളജ് അധികൃതര്‍ ഈ കുട്ടികള്‍ക്ക് നോട്‌സ് കൈമാറരുതെന്ന് മറ്റു വിദ്യാര്‍ഥികള്‍ക്ക് താക്കീതും നല്‍കിയിരികിയതിന്റെ തുടര്‍ചയായാണ് കാംപസിലേക്ക് തന്നെ വിലക്കേര്‍പ്പെടുത്തി എംഎല്‍എയുടെ ഭീഷണി.

കര്‍ണാടകയില്‍ കോളജുകളില്‍ യൂനിഫോം നിര്‍ബന്ധം അല്ല. ഉഡുപി കോളജില്‍ ഏര്‍പെടുത്തിയ യൂനിഫോം ക്ലാസുകളില്‍ നിന്ന് പുറത്താക്കിയ കുട്ടികളും ധരിക്കുന്നുണ്ട്. ഹിജാബ് കൂടി ഉപയോഗിക്കുന്നതിന്റെ പേരില്‍ അവരെ അവഹേളിക്കുന്നത് മനുഷ്യാവകാശ ലംഘനം എന്നതിനൊപ്പം ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള വിദ്യാഭ്യാസ അവകാശ നിഷേധവുമാണെന്നാണ് പരാതിക്കാരന്‍ ദേശീയ മനുഷ്യാവകാശ കമീഷനെ ബോധിപ്പിച്ചത്. ഓണ്‍ലൈന്‍ ക്ലാസിന് വഴങ്ങിയാല്‍ പുറത്തു നിറുത്തിയ ദിവസങ്ങളിലെ ഹാജര്‍ നല്‍കാം എന്ന ഓഫറുമായി ബിജെപി എംഎല്‍എ രംഗത്തുവന്നിരുന്നു. ആ നിര്‍ദേശം സമരത്തിലുള്ള വിദ്യാര്‍ഥികള്‍ തള്ളുകയാണുണ്ടായത്.

You may also like

error: Content is protected !!
Join Our WhatsApp Group