ബെംഗളൂരു:കരാറുകാരനിൽനിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിറെ ബിജെപി എംഎൽഎ അറസ്റ്റിൽ. ഷിരാഹട്ടി എംഎൽഎ ഡോ. ചന്ദ്ര ലമണിയേയാണ് കർണാടക ലോകായുക്ത അറസ്റ്റ് ചെയ്‌തത്. ചന്ദുവിൻറെ രണ്ട് പേഴ്‌സണൽ അസിസ്റ്റൻറുമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായി വിജയ് പൂജാർ എന്ന കരാറുകാരനോട് 11 ലക്ഷം രൂപ ചന്ദ്ര കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നുവെന്ന് ലോകായുക്ത ഉദ്യേഗസ്ഥർ പറഞ്ഞു. ഇതിൽ അഞ്ചുലക്ഷം വാങ്ങുന്നതിനിടെയാണ് പിടിയിലായത്.ചന്ദ്ര കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ചതിന് പിന്നാലെ ലോകായുക്ത നടപടി സ്വീകരിക്കുകയായിരുന്നു. ചന്ദുവിൻറെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽവച്ചായിരുന്നു പണം കൈമാറിയത്. ലോകായുക്ത അധികൃതർ ആശുപത്രിയിൽ പരിശോധന നടത്തുകയും പണം സ്വീകരിക്കവേ ചന്ദുവിനെ പിടികൂടുകയുമായിരുന്നു.ഗദഗ് ലോകായുക്ത എസ്‌പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിൽ ലോകായുക്ത പോലീസ് ഡിവൈഎസ്‌പി വിജയ് ബിരാദാർ, ഇൻസ്പെക്ടർ പരമേഷ് കവതഗി, എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.