മൈസൂരു നഗര വികസന അതോറിറ്റിയുടെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി.ജില്ലാ കേന്ദ്രങ്ങളില്‍ നാളെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. അഴിമതി നിരോധന നിയമപ്രകാരം സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നല്‍കിയ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും.വിഷയത്തില്‍ സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ബംഗളൂരുവിലെ വസതിയിലെത്തി കൂടിക്കാഴ്‌ച്ച നടത്തി.
ഗവർണറുടേത് ഭരണഘടന വിരുദ്ധ നടപടിയാണെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക ക്യാമ്ബയിൻ നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പാർട്ടി സിദ്ധരാമയ്യക്കൊപ്പം നില്‍ക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമാണ്. ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കഴിയില്ല.
സിദ്ധരാമയ്യ രാജിവയ്‌ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാർട്ടി അദ്ദേഹത്തിന് ഒപ്പം നിലകൊളളുമെന്നും ശിവകുമാർ വ്യക്തമാക്കി.അതേസമയം, മൈസൂരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിക്കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. ഗവർണറുടെ നടപടി രാഷ്‌ട്രീയ പ്രേരിതമാണ്. ഈ നീക്കം പ്രതീക്ഷിച്ചിരുന്നു. ഭരണഘടന വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. അതിന് പാർട്ടി തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.