ബെംഗളൂരു: ഭാര്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ കന്നഡനടൻ ശിവരാജ് കുമാറിന്റെ സിനിമകളുടെ പ്രദർശനം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തടയണമെന്ന് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ശിവരാജ് കുമാറിന്റെ ഭാര്യ ഗീതാ ശിവരാജ്കുമാർ ശിവമോഗയിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശിവരാജ്കുമാർ സജീവമായിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ സിനിമകളും ടി.വി. ഷോകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം. ബി.ജെ.പി. ഒ.ബി.സി. മോർച്ചയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകിയത്.
കഴിഞ്ഞദിവസം ശിവരാജ്കുമാർ ഗീതയ്ക്കുവേണ്ടി ഭദ്രാവതിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ പ്രമുഖ ചലച്ചിത്രതാരമായ ശിവരാജ്കുമാർ കോൺഗ്രസിന് വേണ്ടി സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുന്നുണ്ടെന്നും സിനിമാ പ്രവർത്തകനായ അദ്ദേഹം ജനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും ഒ.ബി.സി. മോർച്ച പ്രസിഡന്റ് രവി കൗടില്യ നൽകിയ പരാതിയിൽ പറഞ്ഞു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവരാജ് കുമാർ മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം പലയിടത്തും കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തിയിരുന്നു.
സൊമാറ്റോ സ്ഥാപകൻ വീണ്ടും വിവാഹിതനായി :വധു മേക്സിക്കൻ മോഡൽ
സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപിന്ദർ ഗോയല്‍ വീണ്ടും വിവാഹിതനായതായി റിപ്പോർട്ട്. മെക്സിക്കൻ മോഡലും സംരംഭകയുമായ ഗ്രേസ്യ മുനോസാണ് വധു.ഇരുവരും രണ്ടു മാസങ്ങള്‍ക്കു മുൻപേ വിവാഹിതരായെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയില്‍ ഹണിമൂണിനു ശേഷം ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായി ഇരുവരുമായും അടുപ്പമുള്ളവർ പറയുന്നു. 2022 ലെ മെട്രൊപൊളിറ്റൻ ഫാഷൻ വീക്കിലെ വിജയിയായിരുന്നു ഗ്രേസ്യ. എന്നാല്‍ വിവാഹത്തിനു ശേഷം ഗ്രേസ്യ മോഡലിങ്ങിനോട് വിട പറഞ്ഞുവെന്നും അഭ്യൂഹങ്ങളുണ്ട്.മെക്സിക്കോയില്‍ ജനിച്ചു ഇന്ത്യയില്‍ ജീവിക്കുന്നു എന്നാണ് ഇൻസ്റ്റയില്‍ ഗ്രേസ്യ കുറിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആഡംഭര ഉത്പന്നങ്ങളുടെ സ്റ്റാർട്ടപ്പ് നടത്തുകയാണ് ഗ്രേസ്യ.41കാരനായ ഗോയലിന്‍റെ രണ്ടാം വിവാഹമാണിത്. ഐഐടി ഡല്‍ഹിയില്‍ ഒരുമിച്ചു പഠിച്ചിരുന്ന കാഞ്ചൻ ജോഷിയാണ് ഗോയലിന്‍റെ ആദ്യഭാര്യ.