Home കർണാടക ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ടാക്സി; ആവേശത്തോടെ വരവേറ്റ് ഓഫീസ് ജീവനക്കാരും കോളേജ് വിദ്യാർഥികളും

ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ടാക്സി; ആവേശത്തോടെ വരവേറ്റ് ഓഫീസ് ജീവനക്കാരും കോളേജ് വിദ്യാർഥികളും

by ടാർസ്യുസ്

ബെംഗളൂരു: ആറുമാസത്തിനുശേഷം നഗരത്തിലെ നിരത്തുകളിൽ വീണ്ടും ബൈക്ക് ടാക്സികൾ. ഹൈക്കോടതി അനുമതി നൽകിയതോടെയാണ് ബൈക്ക് ടാക്‌സികൾ സർവീസുകൾ പുനരാരംഭിച്ചത്. ഇപ്പോഴും പൂർണതോതിൽ സർവീസുകൾ ആരംഭിച്ചിട്ടില്ലെങ്കിലും നഗരവാസികൾക്ക് ഇത് ആശ്വാസമായിരിക്കുകയാണ്.ഓഫീസ് ജീവനക്കാർ, കോളേജ് വിദ്യാർഥികൾ അടക്കമുള്ളവരാണ് ബൈക്ക് ടാക്സികളെ ആവേശത്തോടെ വരവേൽക്കുന്നത്. ചെലവ് കുറഞ്ഞതും എളുപ്പമുള്ളതുമായ ഗതാഗതമാർഗം എന്ന നിലയിലാണ് മിക്കവരും ബൈക്ക് ടാക്‌സികളെ ആശ്രയിക്കുന്നത്.ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിന് ബൈക്ക് ടാക്‌സി നിരോധനം തിരിച്ചടിയായിരുന്നു. പാർക്കിങ് പ്രതിസന്ധിയും വാഹനത്തിരക്കും കാരണം കാർ ഉപേക്ഷിച്ചു ബൈക്ക് ടാക്സികളെ ആശ്രയിക്കുന്നവർ ഒട്ടേറെയായിരുന്നു. എന്നാൽ നിരോധനം നിലവിൽവന്നതോടെ ഇവർക്ക് വീണ്ടും കാറെടുക്കേണ്ടിവന്നു.

ഇത് നഗരത്തിലെ ഗതാഗതത്തിരക്ക് രൂക്ഷമാക്കി. മെട്രോ തീവണ്ടികളിൽ യാത്രചെയ്യുന്നവർക്കും ബൈക്ക് ടാക്സി നിരോധനം വലിയ തിരിച്ചടിയായിരുന്നു.മെട്രോ സ്റ്റേഷനുകളിൽനിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നതിന് പലരും പ്രധാനമായി ആശ്രയിച്ചിരുന്നത് ബൈക്ക് ടാക്സിയെയായിരുന്നു. ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും ബൈക്ക് ടാക്സി വലിയ ആശ്വസമായിരുന്നു. ഓട്ടോയിൽ യാത്ര ചെയ്യുന്നതിന്റെ പകുതിമാത്രമാണ് ബൈക്ക് ടാക്സി നിരക്ക്. കഴിഞ്ഞ ജൂണിലാണ് സംസ്ഥാനത്ത് ബൈക്ക് ടാക്സ്‌സി നിരോധനം നിലവിൽവന്നത്. ബൈക്ക് ടാക്സി അനുവദിക്കാൻ നയരൂപവത്കരണം നടത്താൻ സർക്കാർ തയ്യാറാകാതെ വന്നതോടെയാണ് നിരോധനം നടപ്പായത്.നിരോധനം സംസ്ഥാനത്ത് ഉടനീളമായിരുന്നുവെങ്കിലും ഏറ്റവുമധികം ബാധിച്ചത് തലസ്ഥാനമായ ബെംഗളൂരുവിനെയായിരുന്നു. അവസരം മുതലാക്കി ഓട്ടോ റിക്ഷക്കാർ അമിതനിരക്ക് ഈടാക്കി. മൊബൈൽ ആപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർവീസുകളിൽ പോലും ടിപ്പ് എന്ന പേരിൽ അധികനിരക്ക് നൽകാതെ സവാരി വരാത്ത സ്ഥിതിയായിരുന്നു. ബൈക്ക് ടാക്സികളുടെ തിരിച്ചുവരവോടെ ഈ ചൂഷണത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷ.കോൺട്രാക്ട് കാരേജ് പെർമിറ്റ് നൽകി ബൈക്ക് ടാക്സികൾ അനുവദിക്കാനാണ് ഹൈക്കോടതി ഉത്തരവ്. പെർമിറ്റ് കിട്ടാത്തതിനാൽ മുൻപ് ബൈക്ക് ടാക്സി ഓടിച്ചിരുന്ന പലരും സർവീസ് പുനരാരംഭിച്ചിട്ടില്ല. വരുംദിവസങ്ങളിൽ ഇവർകൂടി നിരത്തിലിറങ്ങുന്നത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

You may also like

error: Content is protected !!
Join Our WhatsApp Group