റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിച്ചതിനിടെ ബൈക്കിൽ നിന്നു വീണ മലയാളി യുവാവ് ലോറി കയറി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് കുയ്യലിൽ പുരുഷോത്തമൻ നായരുടെ മകൻ എം.ടി.ഷിജു (46) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കോഴിക്കോട് സ്വദേശി പ്രശാന്ത് നായർക്ക് (39) പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 9.30നു പീനിയ സെക്കൻഡ് സ്റ്റേജിലെ എൻടിടിഎഫ് ജംഷനിലാണ് അപകടം.
പീനിയ ബാറ്റ ചെരിപ്പ് കമ്പനിയിലെ ഡിപ്പോ അസിസ്റ്റന്റ് എക്സിക്യൂട്ടീവായ ഷിജുവും ഡിപ്പോ മാനേജറായ പ്രശാന്തും ഭക്ഷണം കഴിക്കാൻ വേണ്ടി പോകുന്നതിനിടെയാണ് അപകടം. മഴയിൽ വെള്ളം നിറഞ്ഞ് കിടന്ന കുഴി വെട്ടിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ ഷിജുവിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറുകയായിരുന്നു.
ഷിജു തൽക്ഷണം മരിച്ചു. പരുക്കേറ്റ പ്രശാന്ത് പിനീയയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും കെജി ഹള്ളിയിലാണ് താമസിച്ചിരുന്നത്.പീനിയ പൊലീസ് ഇൻക്വസ്റ്റ്നടത്തിയ മൃതദേഹം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റ്മോർട്ടത്തിനായി സപ്തഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: ഷൈനി. മകൾ:നിലീന