കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകള്‍ ഒരെണ്ണമാക്കി വെട്ടിക്കുറച്ചതിന്റെ ദുരിതം പേറുകയാണ് കുറച്ചുനാളുകളായി ദ്വീപ് ജനത. നേരത്തെ ഏഴ് കപ്പലുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരെണ്ണം മാത്രമാണ് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത്. കപ്പലുകളുടെ കുറവ് മൂലം വിദ്യാര്‍ഥികളും രോഗികളുമടക്കമുള്ള യാത്രക്കാര്‍ ലക്ഷദ്വീപിലേക്ക് പോകുന്നതിന് ഏറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. രാത്രി മുഴുവന്‍ ടിക്കറ്റ് കൗണ്ടറിന് സമീപം കാത്തുനിന്നാലും ടിക്കറ്റ് കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. രാത്രി കാത്തുനിന്ന് രാവിലെ ടിക്കറ്റെടുക്കാന്‍ ചെല്ലുമ്ബോള്‍ പലകാരണങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുകയാണെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ കപ്പല്‍ സര്‍വീസുകളും പുനരാരംഭിച്ച് ഈ യാത്രാദുരിതം പരിഹരിച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധം നടത്താന്‍ തയാറെടുക്കുകയാണ് ദ്വീപ് ജനത. ലക്ഷദ്വീപിന് വേണ്ടിയുള്ള സമരങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇതുസംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നാണ് ഐഷ പറയുന്നത്. ലക്ഷദ്വീപിലെ യുവജനങ്ങള്‍ മുഴുവന്‍ നിയമപരമായും സമരപരമായുമുള്ള ചെറുത്തുനില്‍പ്പില്‍ അണിനിരക്കുമെന്ന് ഐഷ ഫേസ്ബുക്ക് കുറിപ്പിലുടെ വ്യക്തമാക്കുന്നു.
ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകള്‍ ഒരെണ്ണമാക്കി വെട്ടി കുറച്ച് കൊണ്ട് ഞങ്ങളെ മനഃപ്പൂര്‍വം ബുദ്ധിമുട്ടിക്കുന്ന ഗവര്‍മെന്റിനോട് എനിക്കൊന്നേ പറയാനുള്ളൂ-സാധാരണ മുമ്ബ് ഓടിയിരുന്ന പോലെ ഈ ഒരു ആഴ്ചയിക്കുള്ളില്‍ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കില്‍ ഫേസ്ബുക്കില്‍ കൂടിയുള്ള എന്റെ അറിയിപ്പ് നിര്‍ത്തി വെച്ചു കൊണ്ട് ലക്ഷദ്വീപിലെ മൊത്തം യൂത്തും രംഗത്തിറങ്ങി ശക്തമായി നിങ്ങള്‍ക്കെതിരെയും ഈ കരട് നിയമങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കും… (നിയമപരമായിട്ടും, സമരമായിട്ടും)
ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറും…(അത് കൊണ്ട് ആ പ്രതിഷേധം തുടങ്ങുന്നതിനു മുമ്ബ് ഞങ്ങള്‍ നിങ്ങളെ അറിയിച്ചുവെന്നെ ഉള്ളു, ഇതിനുള്ളില്‍ കപ്പലുകള്‍ ഓടിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം, ഇല്ലെങ്കില്‍ നിങ്ങള്‍ക്കേ കൊള്ളു)