മലയാളം ബിഗ് ബോസ് സീസണ്‍ അഞ്ച് തുടങ്ങള്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ ബിബി ഹൗസില്‍ എത്തുകയെന്നറിയാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകരും.കഴിഞ്ഞ സീസണുകളെ പോലെ തന്നെ ഇത്തവണയും ഷോയുടെ മുഖം മോഹന്‍ലാല്‍ തന്നെയാണ്.എല്ലാ സീസണുകളും താന്‍ ഒറിജിനല്‍ ആയാണ് നിന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം മുംബൈയിലാണ് സീസണ്‍ ഫൈവ് ലോഞ്ചിങ് ചടങ്ങുകള്‍ ഗംഭീരമായി നടന്നത്. പതിനെട്ട് പേര്‍ ഹൗസില്‍ പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അക്കൂട്ടത്തില്‍ ഒരാള്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത കോമണറാണ്.ശോഭ വിശ്വനാഥ്, അനിയന്‍ മിഥുന്‍, ശ്രുതി ലക്ഷ്മി, അഖില്‍ മാരാര്‍, വിഷ്ണു ജോഷി, വൈബര്‍ഗുഡ് ദേവു, മനീഷ കെ.എസ്, ജുനൈസ് വി.പി, സാഗര്‍ സൂര്യ, നാദിറ മെഹ്റിന്‍, ആഞ്ചലീന മരിയ, ലച്ചു ഗ്രാം, റനീഷ റഹ്മാന്‍, ഷിജു, റിനോഷ് ജോര്‍ജ്, സെറീന, ആലിയ, ഗോപിക ഗോപി എന്നിവരാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ച മത്സരാര്‍ഥികള്‍.അതില്‍ ഗോപിക ഗോപിയാണ് ബിഗ് ബോസ് മലയാളം സീസണിലെ തന്നെ ആദ്യത്തെ കോമണര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. അതേസമയം പ്രഡിക്ഷന്‍ ലിസ്റ്റിലുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം സൂപ്പര്‍ താരം അമല ഷാജി, നടി അനു ജോസഫ്, അമ്ബിളി ദേവി, ആലീസ് ക്രിസ്റ്റി, നെല്‍സണ്‍ ശൂരനാട്, സിബിന്‍ ബെഞ്ചമിന്‍, ഫെജോ, കൃഷ്ണപ്രഭ എന്നിവരൊന്നും ഇത്തവണ ബിഗ് ബോസില്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമല ഷാജിയെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന പോസ്റ്ററും പ്രമോയുമെല്ലാം ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. അതുകൊണ്ട് തന്നെ അമല ഷാജി ഇത്തവണ എന്തായാലും മത്സരാര്‍ഥിയായി വരുമെന്ന് ഉറച്ച പ്രതീക്ഷയിലായിരുന്നു ബിഗ് ബോസ് പ്രേക്ഷകര്‍.ഇനി വൈല്‍ഡ് കാര്‍ഡായി മുകളില്‍ പറഞ്ഞവരില്‍ ആരെങ്കിലും വരുമോയെന്നതിലും വ്യക്തത വന്നിട്ടില്ല. ഇന്ന് വൈകിട്ട് ഏഴ് മണി മുതലാണ് ബിഗ് ബോസ് സീസണ്‍ ഫൈവ് ലോഞ്ചിങ് എപ്പിസോഡ് സംപ്രേഷണം ചെയ്ത് തുടങ്ങുക. കഴിഞ്ഞ സീസണില്‍ വൈല്‍ഡ് കാര്‍ഡ് ഉള്‍പ്പടെ ഇരുപത് പേരാണ് മത്സരിച്ചത്. അതില്‍ വിജയിയായത് ദില്‍ഷ പ്രസന്നനായിരുന്നു.ബാറ്റില്‍ ഓഫ് ദി ഒര്‍ജിനല്‍സ്…
തീ പാറും എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈന്‍. ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാര്‍ത്ഥികള്‍ എന്നാണ് വിലയിരുത്തലുകള്‍. എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ബിഗ് ബോസ് സീസണ്‍ 5 കാണാനാകും. ഹോട്സ്റ്റാറില്‍ ഇരുപത്തിനാല് മണിക്കൂറും ഷോ കാണാനാകും.തിങ്കള്‍-മുതല്‍ വെള്ളി വരെ രാത്രി 9.30ക്കും ശനി- ഞായര്‍ ദിവസങ്ങളില്‍ 9 മണിക്കും ആകും ഏഷ്യാനെറ്റില്‍ ഷോയുടെ സംപ്രേക്ഷണം. കൂടാതെ ബിഗ് ബോസ് ആരാധകര്‍ക്ക് മോഹന്‍ലാലിനെയും പ്രിയ മത്സരാര്‍ത്ഥികളേയും നേരിട്ട് കാണാനുമുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.മോഹന്‍ലാല്‍ നിഷ്പക്ഷമായി സംസാരിക്കുന്നില്ലെന്നും മത്സരാര്‍ഥികള്‍ക്ക് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കുന്നില്ലെന്നുമുള്ള ആക്ഷേപം കഴിഞ്ഞ കുറച്ച് സീസണുകളായി കേള്‍ക്കുന്ന ഒന്നാണ്.
‘ഞാന്‍ എല്ലാ സീസണിലും ഒറിജിനല്‍ ആയിട്ട് തന്നെയാണ് നില്‍ക്കുന്നത്. കാരണം ഈ ഷോയില്‍ നമുക്ക് കള്ളത്തരങ്ങള്‍ ഒന്നും കാണിക്കാന്‍ പറ്റില്ല. എല്ലാവരും പറയും ഇത് സ്ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ല.”കാരണം ഇതൊരു ഭാഷയില്‍ മാത്രം നടക്കുന്ന ഷോ അല്ല. ഒരാളുടെ മനസില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ നേരത്തെ സ്ക്രിപ്റ്റ് ചെയ്യാന്‍ നമുക്ക് പറ്റില്ലല്ലോ. അതൊന്നും ലോകത്താര്‍ക്കും സ്ക്രിപ്റ്റ് ചെയ്യാന്‍ പറ്റില്ല. അത്തരം കാര്യങ്ങളില്‍ ഏറ്റവും ഒറിജിനല്‍ ആയി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് എനിക്ക് താല്പര്യം. അങ്ങനെ തന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളത്’ എന്നാണ് കഴിഞ്ഞ ദിവസം ലൈവില്‍ സംസാരിക്കവെ മോഹന്‍ലാല്‍ പറഞ്ഞത്.