ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പ്. മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പല്‍ നിര്‍മാണ ശാലയായ എ.ബി.ജി ഷിപ്പ്യാര്ഡ് കമ്ബനിയുടെ ഡയറക്ടര്‍മാര്‍ ചേര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കണ്‍സോര്‍ട്ട്യത്തെ കബളിപ്പിച്ച് 22,842 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പില്‍ കമ്ബനി മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റിഷി കമലേഷ് അഗര്‍വാളിനെതിരേയും സ്ഥാപനത്തിനെതിരെയും സി.ബി.ഐ കേസെടുത്തു.
സി.ബി.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തിക വെട്ടിപ്പ് കേസാണ് പുറത്തു വന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തസ്വാമി, ഡയറക്ടര്‍മാരായ അശ്വനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നവേടിയ, എ.ബി.ജി ഇന്‍റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനി എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തു. 2012-17 കാലയളവില്‍ റിഷി അഗര്‍വാള്‍ ചെയര്‍മാനായിരിക്കെ മറ്റ് ഡയറക്ടര്‍മാരുമായി ഒത്തു കളിച്ച് വായ്പയായി ലഭിച്ച കോടികള്‍ വകമാറ്റിയെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഗുജറാത്തിലെ ദഹേജിലും സൂറത്തിലും ഷിപ്പ്യാര്‍ഡുകള്‍ ഉള്ള എ.ബി.ജിക്കെതിരെ 2019 നവംബര്‍ എട്ടിന് എസ്.ബി.ഐയാണ് ആദ്യം പരാതി നല്‍കിയത്. സി.ബി.ഐ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബാങ്ക് പരാതി പുതുക്കി നല്‍കി. ഒന്നര വര്‍ഷത്തിലേറെ എടുത്ത് പരാതി പരിശോധിച്ച സി.ബി.ഐ ഈ മാസം ഏഴിനാണ് എ.ബി.ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
എസ്.ബി.ഐ എ.ബി.ജിക്ക് വായ്പയായി നല്‍കിയത് 2468.51 കോടിയാണ്. ഐ.സി.ഐ.സി.ഐ ബാങ്ക് (7,089 കോടി), ഐ.ഡി.ബി.ഐ ബാങ്ക് (3,634 കോടി), ബാങ്ക് ഓഫ് ബറോഡ (1,614 കോടി), പഞ്ചാബ് നാഷനല്‍ ബാങ്ക് (1,244 കോടി), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (1228 കോടി) തുടങ്ങിയവയും വായ്പ നല്‍കിയതായി പുറത്തുവന്നിട്ടുണ്ട്. 2012-17 കാലയളവിലെ കണക്ക് പരിശോധിച്ച ഓഡിറ്റ് സ്ഥാപനമായ ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങ് 2019ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍മാര്‍ പണം വെട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സി.ബി.ഐ എഫ്.ഐ.ആറില്‍ പറയുന്നു.