Home Featured ഹിജാബിന് പിന്നാലെ ബൈബിളിനെ ചൊല്ലിയും കര്‍ണാടകയില്‍ വിവാദം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍

ഹിജാബിന് പിന്നാലെ ബൈബിളിനെ ചൊല്ലിയും കര്‍ണാടകയില്‍ വിവാദം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍

ബംഗളൂരു: സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുപോകുന്നതില്‍ എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളേക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടി വിവാദത്തില്‍. ബംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിലാണ് കുട്ടികള്‍ സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുവരുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളില്‍ നിന്ന് ഉറപ്പ് എഴുതിവാങ്ങിയത്.

സ്കൂളിന്റെ നിര്‍ദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി അടക്കം ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ക്രൈസ്തവരല്ലാത്ത വിദ്യാര്‍ഥികളെ ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു.

‘നിങ്ങളുടെ കുട്ടി അവന്റെ /അവരുടെ സ്വന്തം ധാര്‍മികവും ആത്മീയവുമായ ക്ഷേമത്തിനായി രാവിലെ അസംബ്ലി വേദപാഠ ക്ലാസും ക്ലബുകളും ഉള്‍പ്പെടെ എല്ലാ ക്ലാസുകളിലും പങ്കെടുക്കുമെന്നും ക്ലാരന്‍സ് ഹൈസ്‌കൂളില്‍ താമസിക്കുന്ന സമയത്ത് ബൈബിളും സ്തുതിഗീത പുസ്‌തകവും കൊണ്ടുപോകാന്‍ എതിര്‍ക്കില്ലെന്നും സത്യം ചെയ്യുന്നു’-പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശന സമയത്ത് മാതാപിതാക്കളില്‍ നിന്ന് വാങ്ങിയ സത്യവാങ്മൂലത്തി​ലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ബൈബിള്‍ അധിഷ്‌ഠിത വിദ്യാഭ്യാസമാണ് തങ്ങള്‍ നല്‍കുന്നതെന്നാണ് സ്കൂള്‍ അധികൃതര്‍ നടപടിയെ കുറിച്ച്‌ വിശദീകരിക്കുന്നത്.

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഹിജാബ് വിവാദത്തിന് പിന്നാലെ സ്കൂളുകളില്‍ നിന്നും ബൈബിള്‍ മാറ്റണമെന്ന ആവശ്യവും കര്‍ണാടകയില്‍ ശക്തമാണ്. ബൈബിള്‍ നിരോധനമടക്കമുള്ള നടപടികളിലേക്ക് പോകാതിരിക്കാനുള്ള മുന്‍കരുതലായാണ് ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ ഈ നീക്കമെന്നാണ് സൂചന.

ഭഗവത് ഗീതയും മഹാഭാരതവും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ വാര്‍ത്ത. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഹിന്ദു പുരാണങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നീക്കം നടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group