Home Featured ബൈയ്യപ്പനഹള്ളി-കെ.ആർ. പുരം പാത നിർമാണം പൂർത്തിയായി; യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും

ബൈയ്യപ്പനഹള്ളി-കെ.ആർ. പുരം പാത നിർമാണം പൂർത്തിയായി; യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും

ബെംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിൽ ബെയ്യപ്പനഹള്ളി മുതൽ കെ.ആർ. പുരംവരെയുള്ള പാതയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയായതായി മെട്രോ റെയിൽ കോർപ്പറേഷൻ. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ജൂലായ് 15-ന് പാത തുറക്കും. ഇതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് ബി.എം.ആർ.സി.എലിന്റെ പ്രതീക്ഷ.നിലവിൽ കെങ്കേരി മുതൽ ബൈയ്യപ്പനഹള്ളിവരെയാണ് പർപ്പിൾലൈൻ. ഇതേ പാതയുടെ എക്‌സ്റ്റൻഷൻ ലൈനായ കെ.ആർ. പുരം-വൈറ്റ് ഫീൽഡ് പാത മാർച്ച് 25-നാണ് ഉദ്ഘാടനംചെയ്തത്.

എന്നാൽ ബൈയ്യപ്പനഹള്ളി മുതൽ കെ.ആർ. പുരംവരെയുള്ള രണ്ടര കിലോമീറ്റർ പാതയുടെ പ്രവൃത്തി പൂർത്തിയായിരുന്നില്ല. ഇതോടെ മെട്രോ യാത്രക്കാർക്ക് ബൈയ്യപ്പനഹള്ളിയിലിറങ്ങി ബസിലോ ഓട്ടോയിലോ കെ.ആർ. പുരത്തെത്തി വീണ്ടും മെട്രോയിൽ കയറേണ്ട സാഹചര്യമാണുണ്ടായിരുന്നത്.ബൈയ്യപ്പനഹള്ളി മുതൽ കെ.ആർ. പുരംവരെയുള്ള പാതയിൽ സർവീസ് തുടങ്ങുന്നതോടെ യാത്രക്കാർക്ക് ഈ ബുദ്ധിമുട്ട് ഒഴിവാകും.13.7 കിലോമീറ്ററുള്ള കെ.ആർ. പുരം- വൈറ്റ് ഫീൽഡ് പാതയിൽ പ്രതിദിനം ശരാശരി 27,000 പേർ യാത്രചെയ്യുന്നുണ്ടെന്നാണ് കണക്ക്.ബൈയ്യപ്പനഹള്ളി-കെ.ആർ. പുരം പാത യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

. നിലവിൽ ഇറങ്ങിക്കയറാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി മറ്റ് യാത്രാമാർഗങ്ങൾ ഉപയോഗിക്കുന്നവർ മെട്രോയിൽ സഞ്ചരിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടേറെ ഐ.ടി. സ്ഥാപനങ്ങളുള്ള പ്രദേശമാണ് കെ.ആർ. പുരം, വൈറ്റ് ഫീൽഡ് തുടങ്ങിയവ.ചൈനീസ് കമ്പനി കോച്ചുകളെത്തിക്കും:ചൈനീസ് കമ്പനിയായ ചൈന റെയിൽവേ റോളിങ് സ്റ്റോക് കോർപ്പറേഷൻ ഓഗസ്റ്റ്മുതൽ ബെംഗളൂരു മെട്രോയ്ക്ക് കോച്ചുകൾ നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ ആറു കോച്ചുകൾ വീതമുള്ള രണ്ടു മെട്രോ ട്രെയിനുകളാണ് വിതരണം ചെയ്യുക.ഇവ കെ.ആർ. പുരം- വൈറ്റ് ഫീൽഡ് മെട്രോ പാതയിലായിരിക്കും ഉപയോഗിക്കുക.

പിന്നീട് കൂടുതൽ കോച്ചുകൾ ലഭിച്ചുതുടങ്ങുന്നതോടെ മറ്റു പാതകളിലും ഉപയോഗിക്കും. കൂടുതൽ കോച്ചുകളെത്തുന്നതോടെ മെട്രോസർവീസുകൾ തമ്മിലുള്ള ഇടവേളകൾ കുറയ്ക്കാൻ കഴിയും.2019-ലാണ് ചൈനീസ് കമ്പനിയുമായി മെട്രോ റെയിൽ കോർപ്പറേഷൻ കരാറിലെത്തിയത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് കോച്ചുകളുടെ വിതരണം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.കൊൽക്കത്ത ആസ്ഥാനമായ മറ്റൊരു കമ്പനിയുമായി ചേർന്നാണ്‌ ചൈനീസ് കമ്പനി കോച്ചുകൾ നിർമിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group