Home Featured ബംഗളൂരു:ബൈയപ്പനഹള്ളി-കെ.ആര്‍ പുരം പാതയുടെ സുരക്ഷ പരിശോധന പൂർത്തിയായി.

ബംഗളൂരു:ബൈയപ്പനഹള്ളി-കെ.ആര്‍ പുരം പാതയുടെ സുരക്ഷ പരിശോധന പൂർത്തിയായി.

ബംഗളൂരു:നമ്മ മെട്രോയുടെ ബൈയപ്പനഹള്ളി-കെ.ആര്‍ പുരം പാത യാത്രക്കൊരുങ്ങുന്നു. കഴിഞ്ഞദിവസം പാതയില്‍ നടന്ന റെയില്‍വേ സുരക്ഷ കമീഷണറുടെ പരിശോധന പൂര്‍ത്തിയായി.29ന് ഉദ്ഘാടനം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബി.എം.ആര്‍.സി അറിയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുമായി കൂടിയാലോചന നടത്തിയതിന് ശേഷമാകും അന്തിമ തീയതി പ്രഖ്യാപിക്കുക. ദക്ഷിണ പശ്ചിമ റെയില്‍വേ സുരക്ഷ കമീഷണര്‍ ആനന്ദ് മധുകര്‍ ചൗധരിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധന എട്ടു മണിക്കൂര്‍ നീണ്ടു.2.5 കിലോമീറ്ററുള്ള പാതയിലെ തൂണുകളുടെ ഉറപ്പ്, സിഗ്നലിങ് സംവിധാനം, ട്രെയിനുകളുടെ വേഗപരിധി ഉള്‍പ്പെടെ പരിശോധിച്ചു.

കെ.ആര്‍ പുരം, ബൈയപ്പനഹള്ളി, ബെന്നിഗനഹള്ളി സ്റ്റേഷനുകളിലെ എസ്കലേറ്ററും ലിഫ്റ്റും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിലയിരുത്തി. ബെന്നിഗനഹള്ളിക്കും കെ.ആര്‍ പുരത്തിനും ഇടയില്‍ ബംഗളൂരു-ചെന്നൈ റെയില്‍വേ പാതക്ക് കുറുകെ നിര്‍മിച്ച ഇരുമ്ബ് പാലത്തിന്റെ സുരക്ഷയും പരിശോധിച്ചു. സര്‍വിസ് ആരംഭിക്കുന്നതിനുള്ള‍ അനുമതി നല്‍കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം കമീഷണര്‍ അറിയിക്കും. ഇതിനുശേഷമാകും പാതയില്‍ പൊതുജനങ്ങള്‍ക്കുള്ള സര്‍വിസ് ആരംഭിക്കുക.പുതിയ പാത പ്രധാന ടെക് മേഖലയായ വൈറ്റ്ഫീല്‍ഡിലെ കൂടുതല്‍ കമ്ബനി ജീവനക്കാരെ മെട്രോ യാത്രക്ക് പ്രേരിപ്പിക്കും.

ഇലക്‌ട്രോണിക് സിറ്റിയിലേക്കുള്ള ആര്‍.വി റോഡ്-ബൊമ്മസന്ദ്ര 19 കിലോമീറ്റര്‍ പാതയില്‍ ഈ വര്‍ഷം അവസാനം സര്‍വിസ് ആരംഭിക്കുമെന്നതും ഐ.ടി മേഖലയെ മെട്രോയിലേക്ക് അടുപ്പിക്കുന്നുണ്ട്. അതിനിടെ ഈ പാതക്കൊപ്പം തുറക്കുമെന്ന പ്രഖ്യാപിച്ച ചല്ലഘട്ടെ-കെങ്കേരി പാതയുടെ ഉദ്ഘാടനം വൈകാനാണ് സാധ്യത. 1.5 കിലോമീറ്റര്‍ ദൂരം വരുന്ന പാതയില്‍ റെയില്‍വേ സുരക്ഷ കമീഷണറുടെ സുരക്ഷ പരിശോധന നീളുകയാണ്. ചല്ലഘട്ടെ മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ 42.49 കി.മീറ്റര്‍ ഒറ്റ ട്രെയിനില്‍ സഞ്ചരിക്കാൻ സഹായിക്കുന്ന ഇരുപാതകളും ഒരുമിച്ച്‌ തുറക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബൈയപ്പനഹള്ളി-കെ.ആര്‍പുരം പാതയില്‍ ഉടൻ സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഇരു പാതകളും രണ്ടുഘട്ടങ്ങളിലായാണ് തുറക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group