
ആലുവ: എടിഎം കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന മൊബൈല്‍ ഫോണ്‍ സന്ദേശത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത ആലുവ സ്വദേശിയായ യുവാവിനു നഷ്ടപ്പെട്ട 95,000 രൂപ.നഷ്‌ടമായ തുക റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് വീണ്ടെടുത്തു യുവാവിന് തിരിച്ചുനല്‍കി. പാന്‍ കാര്‍ഡും എടിഎം കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നു പറഞ്ഞു നിരന്തരം സന്ദേശങ്ങള്‍ വന്നെങ്കിലും യുവാവ് അവഗണിച്ചിരുന്നു. ഒടുവില്‍ എടിഎം കാര്‍ഡ് ഇനി ഒരറിയിപ്പില്ലാതെ നിശ്ചലമാകുമെന്ന അന്ത്യശാസനത്തില്‍ കുടുങ്ങി. ഉടന്‍ മൊബൈലിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തു. ദേശസാല്‍കൃത ബാങ്കിന്റെ വ്യാജ വെബ് സൈറ്റിലേക്കാണ് അതു പോയത്. യൂസര്‍ നെയിമും പാസ്‌വേഡും ഉള്‍പ്പെടെ അവര്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം യുവാവ് ടൈപ്പ് ചെയ്തു നല്‍കി.
ഉടന്‍ ഒടിപി നമ്ബര്‍ വന്നു. അതും അടിച്ചു കൊടുത്തു. താമസിയാതെ ഉത്തരേന്ത്യന്‍ തട്ടിപ്പു സംഘം യുവാവിന്റെ അക്കൗണ്ടിലെ പണം മുഴുവന്‍ തൂത്തുവാരി.യുവാവ് പരാതി നല്‍കിയപ്പോഴേക്കും സംഘം ഈ തുക ഉപയോഗിച്ച് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ നിന്നു പര്‍ച്ചേസ് നടത്തിയിരുന്നു. 3 തവണയായാണു പര്‍ച്ചേസ് നടത്തിയതെന്ന് കണ്ടെത്തി ഓണ്‍ലൈന്‍ സ്ഥാപനവുമായി ബന്ധപ്പെട്ടു പര്‍ച്ചേസ് റദ്ദാക്കിയാണു നഷ്ടപ്പെട്ട തുക വീണ്ടെടുത്തു നല്‍കിയത്.