ബെംഗളൂരു: തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കവും വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങളും ഉപഭോക്താക്കൾക്ക് അറിയിക്കാൻ വാട്‌സാപ്പ് ഹെൽപ്പ്‌ഡെസ്‌ക്കുകൾ ഒരുക്കി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം).ബെംഗളൂരുവിലെയും സമീപ ജില്ലകളിലെയും വൈദ്യുതി പ്രശ്നങ്ങൾ വാട്‌സാപ്പ് വഴി അറിയിക്കാം. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് സന്ദേശം അയക്കുകയോ ചിത്രങ്ങളോ വീഡിയോകളോ അയക്കുകയോ ചെയ്യാമെന്ന് ബെസ്‌കോം അറിയിച്ചു. ഉടൻ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മഴക്കാലം ശക്തമാകുന്നതോടെ വൈദ്യുതി മുടക്കം പതിവാകാൻ ഇടയുണ്ട്. ഇപ്പോൾത്തന്നെ ബെംഗളൂരുവിലെ വൈദ്യുതി മുടക്കത്തിനെതിരേ നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഈജിപുരയിൽ ആറു മണിക്കൂറിലേറെ സമയമാണ് വൈദ്യുതി മുടങ്ങിയത്.സർക്കാർ വൈദ്യുതി നിരക്ക് ഉയർത്തിയിട്ടും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനെതിരേ പ്രതിഷേധമുയരുന്നുണ്ട്.
ചിലയിടങ്ങളിൽ വോൾട്ടേജ് ഇല്ലാത്തതും ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. വോൾട്ടേജ് ഇല്ലാത്തതിനാൽ ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാകുന്നില്ലെന്നും പിന്നെന്തിനാണ് ഉയർന്ന വൈദ്യുതി നിരക്ക് നൽകുന്നതെന്നും കഴിഞ്ഞദിവസം പ്രദേശവാസിയായ യുവാവ് ട്വീറ്റ് ചെയ്തിരുന്നു.
ഏക സിവിൽകോഡ് നീക്കം ഊർജിതം; ശീതകാല സമ്മേളനത്തിലെങ്കിലും ബിൽ അവതരിപ്പിക്കാൻ ശ്രമം
ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഊർജിതമാക്കുന്നു. ലോ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണു നടപടിയെന്നാണ് നിയമമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും ബിൽ അവതരിപ്പിക്കാനാണു ശ്രമം.ബിജു ജനതാദളും പിന്തുണയ്ക്കുമെന്നതിനാൽ രാജ്യസഭയിലും ബിൽ പാസാകാനുള്ള വോട്ടിന്റെ പ്രശ്നമില്ലെന്നാണ് ബിജെപി കരുതുന്നത്.യുസിസി ആവശ്യമുള്ളതോ അഭികാമ്യമോ അല്ലെന്നാണു കഴിഞ്ഞ നിയമ കമ്മിഷൻ നിലപാടെടുത്തത്.
രാജ്യദ്രോഹ വ്യവസ്ഥകളുടെ കാര്യത്തിലും മോദി സർക്കാരിന്റെ താൽപര്യത്തോടു യോജിക്കുന്ന നിലപാടല്ലായിരുന്നു കമ്മിഷന്റേത്. പുതിയ കമ്മിഷൻ രാജ്യദ്രോഹ വ്യവസ്ഥകളുടെ കാര്യത്തിൽ സർക്കാരിന്റെ താൽപര്യത്തിനൊത്ത നിലപാടാണെടുത്തിരിക്കുന്നത്. യുസിസിയുടെ കാര്യത്തിലും അത്തരമൊരു സമീപനത്തിനുള്ള സാധ്യതയുണ്ട്.കേന്ദ്രത്തിൽനിന്നുള്ള നടപടിക്കു കാത്തുനിൽക്കാതെ ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം തുടങ്ങി ബിജെപി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളും യുസിസിക്കായി നടപടികൾ തുടങ്ങിയിരുന്നു. സജീവമായി മുന്നോട്ടുപോകുന്നത് ഉത്തരാഖണ്ഡാണ്.