ബെംഗളൂരു; നഗരത്തില്‍ നമ്ബര്‍ പ്ലേറ്റിലെ തരികിടകള്‍ കണ്ടുപിടിക്കാൻ വാഹനപരിശോധന ഊര്‍ജിതമാക്കി ട്രാഫിക് പോലീസ്.രജിസ്ട്രേഷന്‍ നമ്ബര്‍ പ്ലേറ്റുകളില്ലാതെയും വ്യക്തതയില്ലാത്ത നമ്ബര്‍ പ്ലേറ്റുകളുമായും നിരത്തിലിറങ്ങിയ ഇരുചക്ര വാഹനങ്ങളെയും കാറുകളെയുമാണ് പിടികൂടുന്നത്. റോഡിലെ സി.സി.ടി.വി. ക്യാമറകളില്‍നിന്നും പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും രക്ഷപ്പെടാന്‍ നമ്ബര്‍ പ്ലേറ്റുകള്‍ മറച്ചുവെച്ച് വാഹനമോടിച്ചവര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ നമ്ബര്‍ പ്ലേറ്റുകളില്ലാതെ വാഹനമോടിച്ചതിന് 1,535 കേസുകളും വ്യക്തതയില്ലാത്ത നമ്ബര്‍ പ്ലേറ്റുകളുമായി വാഹനമോടിച്ചതിന് 1,13,517 കേസുകളും നമ്ബര്‍ പ്ലേറ്റുകള്‍ മറച്ചുവെച്ച് വാഹനമോടിച്ചതിന് 22 ക്രിമിനല്‍ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.നമ്ബര്‍ പ്ലേറ്റുകള്‍ മനഃപൂര്‍വം മറയ്ക്കുകയും കൃത്രിമം കാട്ടുകയും ചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കുന്നത് തുടരുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണര്‍ എം.എന്‍. അനുചേത് പറഞ്ഞു.