പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് നേരത്തെയും നിരവധി പരാതികൾ ഉയര്‍ന്നിരുന്നു. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ബസ്, ട്രെയിന്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളില്‍ മോഷണം അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്നതായി നിരന്തരമുള്ള പരാതികളാണ്. കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഒരു അനുഭവം വിവരിച്ച് ബെംഗളൂരു സ്വദേശിയായ യുവാവ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബെംഗൂരു നഗരത്തിലൂടെയുള്ള ഒരു ബസില്‍ നിന്നും തന്‍റെ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ കണ്ടക്ടറുടെ ജാഗ്രതയെ കുറിച്ചാണ് യുവാവ് തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടില്‍ എഴുതിയത്.
എസ്ആര്‍ ബിഡിഎ കോംപ്ലക്സില്‍ നിന്നും മടിവാളയിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വച്ചാണ് യുവാവിന് അത്തരമൊരു അനുഭവം ഉണ്ടായത്. സ്റ്റോപ്പില്‍ ഇറങ്ങാനായി ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിനിടെ പിന്നില്‍ നിന്നും ഒരു തള്ള് അനുഭവപ്പെട്ടെന്നും ഇതിന് പിന്നാലെ കണ്ടക്ടര്‍ വളരെ പരുഷമായി ‘എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചതായും’ യുവാവ് എഴുതി. കണ്ടക്ടര്‍ തന്നെയാണ് വഴക്ക് പറയുന്നതെന്ന് സംശയിച്ച് നോക്കിയപ്പോൾ തന്‍റെ പിന്നില്‍ നില്‍ക്കുന്ന ആളെയായിരുന്നു വഴക്ക് പറഞ്ഞത്. ഇതിനിടെ ബസിന്‍റെ സ്റ്റപ്പിലേക്ക് ഒരു ഫോണ്‍ വീണു. നോക്കിയപ്പോൾ അത് തന്‍റെ ഫോണായിരുന്നു. ഫോണ്‍ എടുക്കുന്നതിനിടെ ബസ് നിര്‍ത്തുകയും ഇതിനിടെ മോഷ്ടാവ് ബസില്‍ നിന്നും ഇറങ്ങി രക്ഷപ്പെട്ടെന്നും യുവാവ് എഴുതി.
ഫോണ്‍ തിരിച്ച് കിട്ടിയപ്പോൾ, 10 വര്‍ഷം മുമ്പ് അതേ സ്ഥലത്ത് വച്ച് ഒരു ഫോണ്‍ നഷ്ടപ്പെട്ടപ്പോൾ അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ച് യുവാവ് ഓര്‍മ്മത്തെടുത്തു. കണ്ടക്ടറോട് ഫോണ്‍ തിരിച്ച് കിട്ടിയതിന് നന്ദി അറിയിച്ചപ്പോൾ, അദ്ദേഹം തന്നോട് ചില ഉപദേശങ്ങൾ നല്‍കിയതായും യുവാവ് എഴുതി. സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹൊസൂരില്‍ നിന്നാണ് മോഷ്ടാക്കൾ എത്തുന്നതെന്നും അവര്‍ പെട്ടെന്ന് രക്ഷപ്പെടുന്നതിനായ വാതിലിന് അടുത്ത് നില്‍ക്കുന്നവരെയാണ് നോട്ടമിടുന്നതെന്നും കണ്ടക്ടർ യുവാവിനെ ഉപദേശിച്ചു. അതിനാല്‍ പിന്നിലേക്ക് മാറിനില്‍ക്കാനും ആവശ്യപ്പെട്ടു. തനിക്കുണ്ടായ അനുഭവം കുറിച്ചതിന് പിന്നാലെ ഇത്തരം കണ്ടക്ടർമാരാണ് നാടിന് അവശ്യമെന്ന് എഴുതിയ യുവാവ് പൊതുഗതാഗത സംവിധാനത്തിലെ മോഷണം തടയുന്നതിന് തന്‍റതായ ‘ചില ടിപ്സുകളും’ സമൂഹമാധ്യമ ഉപയോക്താക്കൾക്കായി പങ്കുവച്ചു. യുവാവിന്‍റെ കുറിപ്പിനോട് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നത്.