സ്മാർട്ഫോണുള്ളവരെല്ലാം കണ്ടന്റ് ക്രിയേറ്റേഴ്സ് ആവുന്നതാണ് പുതിയ സോഷ്യൽമീഡിയ കാലം. അതുകൊണ്ടുതന്നെ തങ്ങളുടെ ഓരോ കണ്ടന്റും എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ശ്രദ്ധിക്കുന്നവരാണ് ഓരോ കണ്ടന്റ് ക്രിയേറ്റർമാരും. അങ്ങനെയൊരു വീഡിയോ വൈറലാവുകയാണ് ബെംഗളൂരുവിൽനിന്ന്.തെക്കേ ഇന്ത്യക്കാരുടെ പ്രധാന പ്രഭാത ഭക്ഷണമായ ഇഡ്ഡലി ബെംഗളൂരുവിലെ പലയിടങ്ങളിൽനിന്നായി രുചിക്കുകയെന്നതാണ് ഇതിനായി ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ഏറ്റെടുത്ത വെല്ലുവിളി. ഒരു ഇഡ്ലിക്ക് അഞ്ചുരൂപയുള്ള തട്ടുകടയിൽ തുടങ്ങി 500 രൂപ വിലയുള്ള താജ്ഹോട്ടലിലും 5000 രൂപ വിലയുള്ള മറ്റൊരു അത്യാഡംബര റസ്റ്ററന്റിലും പോയി യുവാവ് ഇഡ്ലി രുചിക്കുകയും റേറ്റിങ് ചെയ്യുകയുമാണ് വീഡിയോയിൽ.
കാസി പെരേര എന്ന ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ cassiusclydepereira എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ആദ്യം തട്ടുകടയിലെത്തി അഞ്ചുരൂപയുടെ ഇഡ്ലി കഴിക്കുന്ന യുവാവ് 9.7 റേറ്റിങ്ങാണ് ഭക്ഷണത്തിന് നൽകുന്നത്. ഇതിന് ശേഷം 50 രൂപയ്ക്ക് കിട്ടുന്ന രാമേശ്വരം ഇഡ്ലിയാണ് രുചിക്കുന്നത്.ബെംഗളൂരുവിലെ രാമേശ്വരം കഫെയിലെത്തി ഇഡ്ലി കഴിച്ച യുവാവ് 7.2 ആണ് റേറ്റിങ് നൽകിയത്. ശേഷം 500 രൂപയുടെ ഇഡ്ലി കഴിക്കാൻ ടാജ് ഹോട്ടലിലേക്ക്. ഇവിടെനിന്ന് കഴിച്ചതിനുശേഷം 4.2 മാത്രം റേറ്റിങ് നൽകുന്നു. ഇതിന് ശേഷമാണ് 5000 രൂപയുടെ ഇഡ്ലി കഴിക്കാൻ മറ്റൊരു അത്യാഡംബര ഹോട്ടലിൽ പോവുന്നത്. സ്വർണ നിറത്തിലുള്ള പ്രത്യേക പ്രതലത്തോട് കൂടിയ ഇഡ്ലിക്കാണ് ഇവിടെ 5000 രൂപ ഈടാക്കുന്നത്. പക്ഷെ, നിരാശയാണെന്നും റേറ്റിങ് നൽകുന്നില്ലെന്നും പറഞ്ഞ് പാതി കഴിച്ച് തിരിച്ചുപോരുകയും ചെയ്തു.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് കമന്റുകളായി എത്തുന്നത്. പ്രധാന ദേശീയ മാധ്യമങ്ങളെല്ലാം യുവാവിന്റെ ചാലഞ്ച് വാർത്തയാക്കുകയും ചെയ്തു. എന്തുതന്നെ ഒഴിച്ചുതന്നാലും 5000 രൂപ ഒരു ഇഡ്ലിക്ക് ഈടാക്കുന്നത് കുറ്റകൃത്യമാണെന്നും നടപടിയെടുക്കണമെന്നുവരെ കമന്റിൽ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.