ബെംഗ്ളുറു: അമ്മ മൂന്ന് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. ബെംഗ്ളുറു ആർആർ നഗറിലെ ചന്നസാന്ദ്രയിലാണ് സംഭവം. ദീപ (31), മകൾ ദിയ (മൂന്ന്) എന്നിവരാണ് മരിച്ചത്. 2017ലാണ് സോഫ്‌റ്റ്‌വെയർ എൻജിനീയറായ ആദർശിനെ ദീപ വിവാഹം കഴിച്ചത്. ഉഡുപി ബ്രഹ്മവാർ സ്വദേശികളായ ഇരുവരും ആർആർ നഗറിലെ അപാർട്മെന്റിലാണ് താമസിച്ചിരുന്നത്.
ഒരാഴ്ചയായി ദീപ പനി ബാധിച്ച് വലയുകയായിരുന്നുവെന്നാണ് അറിയുന്നത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ‘എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, ജീവിതം വളരെ വിരസമാണ്, എന്നോട് ക്ഷമിക്കൂ’, എന്നെഴുതിയ കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് ദീപ മാതാപിതാക്കളെ ഫോണിൽ വിളിച്ചിരുന്നു. ജോലി കഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തതായി അറിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് രാജരാജേശ്വരി സിറ്റി പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരണകാരണം രോഗം മൂലമാണോ കുടുംബപ്രശ്നമോയെന്ന് അന്വേഷിക്കുകയാനിന്ന് ഡിസിപി സഞ്ജീവ് പാട്ടീൽ പറഞ്ഞു.