ബംഗ്ലൂറു: വിവാഹ നിശ്ചയത്തിന് പിന്നാലെ യുവതിയുടെ അശ്ലീല ചിത്രം പ്രതിശ്രുത വരന് അയച്ചുകൊടുത്തെന്ന പരാതിയില്‍ മുന്‍ സഹപ്രവര്ത്തകന് പിടിയില്‍.ബംഗ്ലൂറു ശ്രീ നഗര്‍ സ്വദേശി എന്‍ വിനോദി(28)നെയാണ് യുവതിയുടെ പരാതിയില്‍ ഹനുമന്തനഗര്‍ പൊലീസ് പിടികൂടിയത്. നേരത്തെ ഒരുമിച്ച് ജോലിചെയ്തിരുന്ന വിനോദ്, തന്റെ അശ്ലീലചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുനല്‍കിയെന്നാണ് യുവതിയുടെ പരാതി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മൂന്നുവര്‍ഷത്തോളം പ്രതിയും യുവതിയും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നു. ഇരുവരും സൗഹൃദത്തിലായിരുന്നു. ഇതിനിടെ വിനോദ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ യുവതി ഇത് നിരസിച്ചു. ഇതോടെ വിനോദ് യുവതിയെ നിരന്തരം ശല്യം ചെയ്തു. തുടര്‍ന്ന് 2021-ല്‍ യുവതി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും താക്കീത് നല്കി വിട്ടയക്കുകയും ചെയ്തു.
അടുത്തിടെയാണ് മറ്റൊരാളുമായി പരാതിക്കാരിയുടെ വിവാഹം ഉറപ്പിച്ചത്. യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരമറിഞ്ഞതോടെ വിനോദ് പ്രതിശ്രുത വരന്റെ വിവരങ്ങള്‍ ശേഖരിക്കുകയും യുവതിയുടെ അശ്ലീലചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുക്കുകയുമായിരുന്നു. ഇക്കാര്യമറിഞ്ഞ പരാതിക്കാരി ജൂണ്‍ എട്ടാം തീയതി വിനോദിനെ നേരില്‍ക്കണ്ട് ഇതേകുറിച്ച് സംസാരിച്ചു.
അപ്പോഴും യുവതിയെ വിവാഹം കഴിക്കണമെന്ന നിലപാടിലായിരുന്നു പ്രതി. സമ്മതിച്ചില്ലെങ്കില്‍ യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.