Home Featured ബെംഗളൂരു : കനത്ത മഴയിൽ നഗരത്തിലെ ഗതാഗതം താറുമാറായി; കോർപ്പറേഷന് വിമർശനം

ബെംഗളൂരു : കനത്ത മഴയിൽ നഗരത്തിലെ ഗതാഗതം താറുമാറായി; കോർപ്പറേഷന് വിമർശനം

ബെംഗളൂരു : ശനിയാഴ്‌ച രാത്രി പെയ്ത കനത്ത മഴയിൽ ബെംഗളൂരുവിൽ കനത്തനാശം. യെലഹങ്ക കേന്ദ്രീയ വിഹാർ അപ്പാർട്ട്മെന്റിൻ്റെ ബേസ്മെൻ്റിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളത്തിലായി. നാലടിയോളം വെള്ളം പൊങ്ങി. അപ്പാർട്ട്മെന്റിന്റെ സംരക്ഷണ ഭിത്തി തകർന്ന് സമീപത്തെ തടാകത്തിലെ വെള്ളം ഇരച്ചെത്തുകയും ചെയ്തതോടെ ദുരിതം ഇരട്ടിയായി.ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.), സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ എന്നിവരെത്തി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ഞായറാഴ്ച വൈകീട്ടോടെ പകുതിയിലധികം വെള്ളവും നീക്കി.

ആളുകൾക്ക് നടന്നുപോകാൻ മണൽച്ചാക്കുകൾ നിരത്തി. ഭക്ഷണവും വെള്ളവും ലഭ്യമാക്കിയിരുന്നു. വിജയനഗറിന് സമീപം മധുവനയിൽ കനാൽ നിറഞ്ഞൊഴുകി പത്തോളം വീടുകളിൽ വെള്ളം കയറി. ബസവേശ്വരനഗറിൽ വെള്ളം വൃദ്ധസദനത്തിലേക്ക് വെള്ളം ഇരച്ചു കയറിയതിനെത്തുടർന്ന് 15 അന്തേവാസികൾക്ക് ദുരിതമായി. ബിന്നിപേട്ടിൽ ഐ.ടി. മാളിന് പിന്നിലെ സംരക്ഷണ ഭിത്തി തകർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകൾ നശിച്ചു. പാർക്ക് വ്യൂ അപ്പാർട്ട്മെന്റിൻ്റെ 7 അടി ഉയരമുള്ള സംരക്ഷണ ഭിത്തി തകർന്നു.

അട്ടൂരിൽ താഴ്ന്ന്‌ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. അടുത്തിടെ ഉദ്ഘാടനം ചെയ്‌ത വിജയനഗറിലെ പാലികെ ബസാറിലും വെള്ളം കയറി. യെശ്വന്തപുര, ഗൊരഗുണ്ഡെപാളയ, സാൻഡൽ സോപ്പ് ഫാക്ടറി ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 മരങ്ങൾ കടപുഴകി. 45 മരങ്ങൾ ഭാഗികമായി ഒടിഞ്ഞുവീണു.

ഗതാഗതം താറുമാറായി:റോഡുകളിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് വാഹന ഗതാഗതം താറുമാറായി. വെള്ളം പൊങ്ങിയതിനെത്തുടർന്ന് കൻറോൺമെന്റ് റെയിൽവേ സ്റ്റേഷൻ മുതൽ മേഖ്രി സർക്കിൾ വരെ ഗതാഗതം സ്‌തംഭിച്ചു. ഇലക്ട്രോണിക്സ്‌സിറ്റി മേൽപ്പാലത്തിലും വെള്ളം പൊങ്ങി. ബൊമ്മസാന്ദ്ര വ്യവസായ മേഖലയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബെംഗളൂരു – മൈസൂരു പാതയിലും വെള്ളം പൊങ്ങിയത് വാഹന ഗതാഗതത്തെ ബാധിച്ചു.കല്യാൺനഗറിലെ സർവീസ് റോഡിൽ വെള്ളം പൊങ്ങി. പലയിടങ്ങളിലും ട്രാഫിക് പോലീസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി വിടാൻ ശ്രമിച്ചു.

ശനിയാഴ്‌ച നഗരത്തിൽ 10.4 മില്ലീ മീറ്റർ മഴ പെയ്‌തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെക്കൻ ബെംഗളൂരുവിലും കിഴക്കൻ ബെംഗളൂരുവിലുമാണ് കൂടുതൽ മഴ ലഭിച്ചത്. ബസവേശ്വരനഗറിൽ 109.5 മില്ലീ മീറ്റർ മഴയും നാഗപുരയിൽ 104 മില്ലീ മീറ്റർ മഴയും ഹംപിനഗറിൽ 102 മില്ലീമീറ്റർ മഴയും പെയ്തു. ഞായറാഴ്‌ച രാത്രിയും നഗരത്തിൽ പലയിടങ്ങളിലും ശക്തമായി മഴ പെയ്തു.

കോർപ്പറേഷന് വിമർശനം:അതിനിടെ മഴ തുടർച്ചയായി കുറച്ചു നേരം പെയ്‌താൽ പോലും നഗരത്തിലെ റോഡുകളിൽ വെള്ളം പൊങ്ങുന്നതിൽ ബെംഗളൂരു കോർപ്പറേഷനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനം ഉയർന്നു.മഴ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടതെന്നാണ് ഒരുവിഭാഗം ആളുകൾ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group