Home കർണാടക ബെംഗളൂരുവില്‍ ടോവിങ് മടങ്ങിയെത്തുന്നു! നോ-പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടാല്‍ കീശ കീറും, ഒപ്പം വണ്ടിയും പോകും

ബെംഗളൂരുവില്‍ ടോവിങ് മടങ്ങിയെത്തുന്നു! നോ-പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടാല്‍ കീശ കീറും, ഒപ്പം വണ്ടിയും പോകും

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടോവിങ് നടപടികള്‍ പുനരാരംഭിക്കുന്നു.നോ-പാർക്കിങ് മേഖലകളില്‍ അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങള്‍ ബുധനാഴ്ച മുതല്‍ ടോവിങ് വാഹനങ്ങള്‍ ഉപയോഗിച്ച്‌ നീക്കം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ട്രാഫിക് പോലീസും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ.) സംയുക്തമായാണ് ഈ നടപടി നടപ്പിലാക്കുന്നത്. നഗരത്തിലെ അഞ്ച് കോർപ്പറേഷൻ മേഖലകളിലായി പത്തോളം ടോവിങ് വാഹനങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.അനധികൃത പാർക്കിങ് നടത്തുന്ന വാഹന ഉടമകള്‍ പിഴയ്ക്ക് പുറമെ ടോവിങ് ചാർജ് കൂടി നല്‍കേണ്ടി വരും. സാധാരണ പാർക്കിങ് പിഴയായ 500 രൂപയ്ക്ക് പുറമെ, ഇരുചക്ര വാഹനങ്ങള്‍ക്ക് 650 രൂപയും കാറുകള്‍ക്ക് 1000 രൂപയുമാണ് ടോവിങ് ചാർജായി ഈടാക്കുക. അതായത് ഒരു ബൈക്ക് പിടിച്ചെടുത്താല്‍ ഉടമ ആകെ 1,150 രൂപ ഒടുക്കേണ്ടി വരും.

റോഡരികുകളില്‍ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും താല്‍ക്കാലികമായി നിർത്തിയിട്ടിരിക്കുന്നവയും ഇത്തരത്തില്‍ നീക്കം ചെയ്യും. പിഴയും ചാർജും പൂർണ്ണമായി അടച്ചതിന് ശേഷം മാത്രമേ ട്രാഫിക് പോലീസ് വാഹനങ്ങള്‍ വിട്ടുനല്‍കുകയുള്ളൂ.മുൻകാലങ്ങളില്‍ ടോവിങ് ജീവനക്കാരും പൊതുജനങ്ങളും തമ്മിലുണ്ടായിരുന്ന തർക്കങ്ങള്‍ ഒഴിവാക്കാൻ ഇത്തവണ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടോവിങ് വാഹനങ്ങളുടെ മുന്നിലും പിന്നിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നതിനൊപ്പം ജീവനക്കാരുടെ വസ്ത്രങ്ങളില്‍ ബോഡി ക്യാമറകളും ഘടിപ്പിക്കും. 2022 ഫെബ്രുവരിയില്‍ വ്യാപകമായ പരാതികളെത്തുടർന്ന് നിർത്തിവെച്ച ഈ നടപടി, സുതാര്യത ഉറപ്പാക്കിക്കൊണ്ട് വീണ്ടും നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. എങ്കിലും, ടോവിങ് സമയത്ത് വാഹനങ്ങള്‍ക്കുണ്ടാകാൻ സാധ്യതയുള്ള സാങ്കേതിക തകരാറുകളെക്കുറിച്ച്‌ ഉടമകള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group